പുനലൂര്‍: പുനലൂര്‍ ഗവ. എല്‍പിഎസിന് സമീപം 2016-ല്‍ സഹപ്രവര്‍ത്തകനായ പാചക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി ഉത്തരവ്. അടുക്കളമൂല സ്വദേശി ഗിരീഷ് കുമാറിനെ (42) കൊലപ്പെടുത്തിയ വാളക്കോട് പ്ലാച്ചേരി, ഇടക്കുന്നില്‍ വീട്ടില്‍ പ്രേമാനന്ദ് (50) ആണ് കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. സുഭാഷ് ആണ് ഉത്തരവിട്ടത്.
പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും പിഴത്തുക ഗിരീഷിന്റെ ഭാര്യയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ പ്രേമാനന്ദനും കൊല്ലപ്പെട്ട ഗിരീഷ് കുമാറും പുനലൂരിലുള്ള ഹോട്ടലിലെ സഹതൊഴിലാളികളായിരുന്നു. കൊല്ലപ്പെട്ട ഗിരീഷ്‌കുമാറിന് ഒന്നാം പ്രതിയുടെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന കാരണത്താല്‍ ഒന്നാം പ്രതിക്ക് ഗിരീഷ് കുമാറിനോട് മുന്‍വിരോധമുണ്ടായിരുന്നു. തൊളിക്കോട് തിരുവാതിര ബില്‍ഡിംഗിലെ വാടകവീട്ടില്‍ മദ്യപിക്കാന്‍ എത്തിയ ഗിരീഷ് കുമാറുമായി പ്രേമാനന്ദന്‍ വഴക്കിടുകയും കുത്തികൊലപ്പെടുത്തുകയുമായിരുന്നു. ഇയാളുടെ ഭാര്യയായ രണ്ടാം പ്രതിക്കെതിരെ കൊലപാതക വിവരം മറച്ചുവച്ചു, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ ഇവരെ വെറുതെവിട്ടു. കേസില്‍ പുനലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരായ സക്കറിയ മാത്യു, ബിനു വര്‍ഗ്ഗീസ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. മഹേന്ദ്ര, അഡ്വ.ജസ്ല കബീര്‍, അഡ്വ. പ്രവീണ്‍ അശോക് എന്നിവര്‍ ഹാജരായി.