ജൈവ പച്ചക്കറി കൃഷി; കെഎംഎംഎല്ലിന് സംസ്ഥാനതല അംഗീകാരം

Advertisement

ചവറ.വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് നടത്തുന്ന കൃഷിക്ക് സംസ്ഥാനതല അംഗീകാരം. സംസ്ഥാനതല കർഷക അവാർഡ് 2022ൽ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായാണ് കെ.എം.എം.എല്ലിനെ തെരെഞ്ഞെടുത്തത്.
കൃഷി മന്ത്രി പി.പ്രസാദാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കെ.എം.എം.എൽ ഗസ്റ്റ് ഹൗസിന്റെ പരിസരത്തും കമ്പനിക്ക് അകത്ത് ക്യാന്റീനിനോട് ചേര്‍ന്നും പ്ലാന്റുകളോട് ചേര്‍ന്നും തരിശായി കിടക്കുന്ന സ്ഥലങ്ങളിലും മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിന്റെ ഭാഗമായി മൈനിങ്ങ് ചെയത് റീഫില്‍ ചെയ്ത സ്ഥലങ്ങളിലും നിലവിൽ ജൈവകൃഷി നടന്നുവരുന്നുണ്ട്.
13 ഏക്കറോളം സ്ഥലത്താണ് ജൈവകൃഷി. ചേന, വഴുതന, വെണ്ട, പാവല്‍, പയര്‍, അമര, പച്ചമുളക്, തക്കാളി, പടവലം, വാഴ, മരച്ചീനി, സലാഡ് വെള്ളരി, ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, വെള്ളരി, കാച്ചില്‍, നനകിഴങ്ങ്, മരച്ചീനി, ചീര എന്നിവ നിലവില്‍ കൃഷി ചെയ്യുന്നുണ്ട്.

കൃഷിയുടെ ഭാഗമായി മണ്ണിര കമ്പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്. പന്‍മന കൃഷി ഓഫീസറുടെ നേതൃത്വത്വത്തിലുള്ള സംഘത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കൃഷി ചെയ്യുന്നത്. മത്സ്യ കൃഷിയും വിജയകരമായി നടന്നുവരികയാണ്.
കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കമ്പനിയുടെ ഗസ്റ്റ് ഹൗസിലെ ഭൂമിയില്‍ കൃഷി തുടങ്ങിയത്.
വിളവുകളെല്ലാം പ്രദേശത്തെ പാലിയേറ്റീവ് കുടുംബങ്ങള്‍ക്കും സാധുജനങ്ങള്‍ക്കും നല്‍കുകയാണ് ചെയ്യുന്നത്. ഒപ്പം കമ്പനിയില ക്യാന്റീനിലെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.