പത്തനാപുരം : മകന്റെ ട്രാവലര്‍ ബസ് സ്വകാര്യ ധനകാര്യ സ്ഥാപനം
ജപ്തി ചെയ്തതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പൻ (60)ആണ് മരണപ്പെട്ടത്. ജപ്തി നടപടിയിൽ മനംനൊന്തുള്ള ആത്മഹത്യയാണെന്നാണ ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞപ്പന്റെ മകൻ ലിനുവിന്റെ വാഹനം പുനലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാനം ജപ്തി ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പോലീസ് സാന്നിധ്യത്തിലായിരുന്നു ജപ്തി. ലിനു
4 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നാണ് ബാങ്ക് അധിക്യതര്‍ പറയുന്നത്.
വാഹനം ബാങ്കിലെത്തിയാൽ അടുത്ത ദിവസം വാഹനം നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും വാഹനം വിട്ടുനൽകിയില്ല. ജപ്തി നടപടിയെ തുടർന്ന് മനോവിഷമത്തിലായ കുഞ്ഞപ്പന്‍ ബാങ്കിൽ പോയി പെൻഷൻ വാങ്ങി ഭാര്യയ്ക്ക് നൽകിയ ശേഷം വ്യാഴാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ വയലിലെത്തി ചെല്ലിക്ക് അടിക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച തലവൂർ ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ലിസിയാണ് ഭാര്യ. ലിനു, ലിൻസി എന്നിവർ മക്കളാണ്.