കരുനാഗപ്പള്ളി. കർണാടകത്തിൽ സാമ്പത്തിക തട്ടിപ്പിൽ പ്രതികളായ ദമ്പതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ വർഷങ്ങളായി വിവിധ ബിസിനസുകൾ ചെയ്തുവരുന്ന ദമ്പതികളായ സുബീഷ് (35), ശില്പ (32) എന്നിവരെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്.
തൃശൂർ സ്വദേശികളായ ഇവരുടെ പേരിൽ കർണാടകത്തിൽ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ നിലവിൽ ഉണ്ടെന്ന് അറിയുന്നു. ഇത് സംബന്ധിച്ച് കർണാടക പോലീസ് ഇവരെ അന്വേഷിച്ച് വരികയായിരുന്നു. ഇവർ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചയോടെ കരുനാഗപ്പള്ളി പോലീസ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻവെസ്റ്റിഗേറ്റീവ് ഓഫീസർ ജിഗ്നേഷിൻ്റെ നേതൃത്വത്തിൽ ഇവരെ പിന്തുടർന്ന് എത്തിയ കർണാടക പോലീസ് കരുനാഗപ്പള്ളിയിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടെ കരുനാഗപ്പള്ളി എസിപി വിനോദ് കുമാറിനെ ധരിപ്പിച്ചു. തുടർന്ന് കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കർണാടക പോലീസിന് കൈമാറി.
കേരളത്തിൽ ഇവർക്കെതിരെ കേസുകൾ നിലവിലില്ലെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ള പ്രതികൾക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കർണ്ണാടക ഹൈക്കോടതിയിൽ നിന്നും ഉത്തരവുണ്ടായിരുന്നു. കർണാടകത്തിലെ മുൻ ഭരണകക്ഷിയുടെ ഘടകകക്ഷിയായിരുന്ന ആർ എൽ ജെ ഡി പാർട്ടിയുടെ നേതാക്കളാണ് അറസ്റ്റിലായ ദമ്പതികൾ എന്നാണ് വിവരം. ഇവരുമായി ബന്ധപ്പെട്ട രാഷ്ട്രീയ കേന്ദ്രങ്ങളിലെ ഒരു വിഭാഗമാണ് ഇവർ കേരളത്തിലേക്ക് കടന്നത് സംബന്ധിച്ച് വാർത്ത പോലീസിന് രഹസ്യമായി കൈമാറിയത് എന്നും സൂചനയുണ്ട്.