ശാസ്താംകോട്ട: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ശൂരനാട് വടക്ക് പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളി നടുവിലേമുറി കണ്ണമം സ്വദേശി രാധ(70) ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ പ്രതിനിധീകരിച്ച് അതിഥിയായാണ് രാധ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 3 പേര്‍ക്കാണ് അവസരം ലഭിച്ചത്. മറ്റ് രണ്ട് പേര്‍ എറണാകുളം, പാലക്കാട് ജില്ലക്കാരാണ്. ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലെ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലുറപ്പ് പദ്ധതി പ്രകാരം 100 ദിവസം പൂര്‍ത്തീകരിക്കുകയും അമൃത് സരോവര്‍ പ്രവര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ ദിവസം ജോലി ചെയ്യുകയും
ചെയ്ത മുതിര്‍ന്ന തൊഴിലാളി കൂടിയാണ് രാധ. കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് രാവിലെയാണ് രാധ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാനം കയറിയത്. ഡല്‍ഹിയില്‍ എത്തുന്നതിനും തിരിച്ചുമുള്ള മുഴുവന്‍ ചെലവുകളും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. രാധയെ യാത്ര അയക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാര്‍, അംഗങ്ങളായ ഖദീജ ബീവി, ബ്ലസണ്‍, ദിലീപ്, സെക്രട്ടറി സി.ആര്‍ സംഗീത, മിനിഷ, നജീന, അരുണ്‍, ധന്യ, ചന്ദ്രബാബു എന്നിവരും എത്തിയിരുന്നു.