ശാസ്താംകോട്ട.പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷജീറ (31) ദൂരുഹ സാഹചര്യത്തിൽ കല്ലടയാറ്റിൽ വീണ് മരിച്ച സംഭവത്തിൽ ഭർത്താവ് തേവലക്കര പാലയ്ക്കൽ ബദരിയ മൻസിലിൽ
അബ്ദുൾ ഷിഹാബ് (41) നെ മണ്‍ട്രോതുരുത്തിന് സമീപം കല്ലുമൂട്ടില്‍ കടവിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നെന്നും അബ്ദുൾ ഷിഹാബ് പ്രതികരിച്ചു.അപകടം ഉണ്ടായ ദിവസം ഭർത്താവ് ഷജീറയെ തിരിഞ്ഞു പോലും നോക്കിയില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളുമായി സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയത്.2015 ജൂൺ
15 നാണ് ഷജീറ കൊല്ലപ്പെട്ടത്.രാത്രി ഏഴരയോടെ കല്ലുമൂട്ടിൽ കടവ് ബോട്ടുജെട്ടിയിൽ നിന്നും വെള്ളത്തിൽ വീണ നിലയിൽ അബോധാവസ്ഥയിൽ ഷജീറയെ കണ്ടെത്തുകയായിരുന്നു.തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം മരിച്ചു. മരിക്കും വരെ ഇവർ അബോധാവസ്ഥയിലായിരുന്നു.

ശാസ്താംകോട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷജീറയുടെ ബന്ധുക്കളുടെ പരാതിയിലാണ് കൊല്ലം ക്രൈംബ്രാഞ്ച്അന്വേഷണം
ഏറ്റെടുത്തത്.വിവാഹം കഴിഞ്ഞ് ഏഴുമാസത്തിനു ശേഷമാണ് ഷജീറയുടെ മരണം.ഭാര്യയെ ഇഷ്ടമല്ലെന്ന് പറയുകയും വെളുത്ത കാറും കറുത്ത പെണ്ണും ആണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞു മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.ഭാര്യയുമായി കല്ലുമൂട്ടിൽ കടവിൽ എത്തി.തുടർന്ന് തനിക്ക് തലവേദനയാണെന്ന് പറഞ്ഞു ഇയ്യാൾ ഭാര്യയുമായി രാത്രി വരെ കഴിച്ചു കൂട്ടി.തുടർന്ന് വെളിച്ചു കുറവുള്ള കടവിൽ നിന്നും വെള്ളത്തിൽ തള്ളിയിടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ രക്ഷാപ്രവർത്തനത്തിൽ സഹകരിക്കാതെ ഫോൺ ചെയ്തു നിൽക്കുകയായിരുന്നു ഷിഹാബ് എന്നും പോലീസ് പറഞ്ഞു.സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തിൽ നിർണായകമായത്.ക്രൈം ബ്രാഞ്ച് സി.ഐ ഷിബു പാപ്പച്ചൻ,എസ്ഐമാരായ ആൻഡ്രിക് ഗ്രോമിക്,ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.