മൈനാഗപ്പള്ളി . ജൈവ കൃഷിയിൽ നൂറുമേനി കൊയ്ത് കൊല്ലത്തെ സഹോദര കൂട്ടായ്മ. കോവൂർ ഗ്രാമത്തിന് അഭിമാനമാകുന്നു.ജോലിക്കാരെ ഒഴിവാക്കി സഹോദരങ്ങൾ തന്നെ പ്രഭാതം മുതൽ പ്രദോഷം വരെ കൃഷി ഭൂമിയിൽ ഒരേ മനസോടെ പണിയെടുക്കുന്നതാണ് ഇവരുടെ വിജയഗാഥയ്ക്ക് ആധാരം.കോവൂർ നെടുതറയിൽ വീട്ടിൽ സുഗതൻ,സോമൻ,സുരേന്ദ്രൻ എന്നിവരാണ് കഠിനാദ്വാനത്തിലൂടെ നൂറുമേനി വിളവെടുക്കുന്നത്.മറ്റ് സഹോദരന്മാരായ സുദേവൻ,
സുരേശൻ,സുരേഷ് എന്നിവരും ഇവർക്ക് ഊർജ്ജം പകരുന്നു.ഒരു കോമ്പൗണ്ടിൽ തന്നെയാണ് എല്ലാവരും വീടുകൾ വച്ച് കഴിഞ്ഞു വരുന്നത്.ഏകദേശം 5 ഏക്കറോളം ഭൂമിയിൽ കൃഷി ചെയ്തു വരുന്നു.തെങ്ങ്,കവുങ്ങ്,വാഴ,മരച്ചീനി,ചേന,ചേമ്പ്,കാച്ചിൽ,കുരുമുളക്, പയർ,പാവൽ,കോവൽ,വെണ്ട, വെളളരി,വഴുതന,മുളക്,ചീര,ശീവക്കിഴങ്ങ്,ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ.
ജില്ലയിലെ ഏറ്റവും വലിയ വെറ്റില കർഷകർ കൂടിയാണ് നെടുന്തറക്കാർ.3000 മൂട് വെറ്റിലയിൽ നിന്ന് മാസം 1ലക്ഷം രൂപ വരുമാനം.15 പശുക്കൾ,150 കോഴികൾ,മീൻവളർത്തൽ എല്ലാമുണ്ട്.മൂത്തയാളായ സുഗതന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഇളയ സഹോദരന്മാർ എല്ലാ കാര്യങ്ങളും ചെയ്തു വരുന്നത്.ഓരോരുത്തർക്കായി കൃഷിയും അനുബന്ധ കാര്യങ്ങളും തിരിച്ചു നൽകിയിട്ടുണ്ട്.സുഗതൻ വെറ്റില കൃഷി നോക്കുമ്പോൾ സോമൻ പച്ചക്കറിയുടെ മേൽനോട്ടം വഹിക്കും.പശുക്കളുടെ ചുമതല സുരേന്ദ്രനാണ്.സ്വന്തമായി വിത്ത് ഉല്പാദിപ്പിച്ച് കൃഷി ചെയ്യുന്നതാണ് ഇവിടുത്തെ രീതി.
രണ്ടര മാസം കൊണ്ട് വിളവെടുപ്പ് നടത്താവുന്ന രീതിയിലാണ് പച്ചക്കറികൾ കൃഷി ചെയ്യുന്നത്.വെണ്ട,പയർ,കോവൽ,വെളളരി എന്നിവ ഓണത്തിന് വിളവെടുക്കാൻ പാകമായിട്ടുണ്ട്.ജൈവ കൃഷി ആയതിനാൽ ഇവരുടെ ഉല്പന്നങ്ങൾ വാങ്ങാൻ ആവശ്യക്കാരുടെ വലിയ തിരക്കാണ് നെടുതറയിൽ വീട്ടിൽ അനുഭവപ്പെടുന്നത്.സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങളും ഈ സഹോദരന്മാരെ തേടിയെത്തിയിട്ടുണ്ട്.2009 മുതൽ 2023 വരെ മൈനാഗപ്പള്ളി പഞ്ചായത്തിലെ മികച്ച കർഷകനുള്ള പുരസ്സ്കാരവും രണ്ട് തവണ ബ്ലോക്ക് തല പുരസ്സ്കാരവും സഹോദര കൂട്ടായ്മയിലെ പ്രധാനിയായ സോമനെ തേടി എത്തിയിട്ടുണ്ട്.