ഭരണിക്കാവ് ടൗണിലെ ഗതാഗത പരിഷ്ക്കരണം അട്ടിമറിച്ചു, നാളെ മുതല്‍ നടക്കേണ്ടിയിരുന്ന പരിഷ്കാരം തടഞ്ഞു

ഒരു നിയമവും നടപ്പാവാതെ ഭരണിക്കാവ് ടൗണ്‍]
Advertisement

ഭരണിക്കാവ് :കുന്നത്തൂർ താലൂക്കിന്റെ സിരാ കേന്ദ്രമായ ഭരണിക്കാവ് പട്ടണത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിൽ സർവ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അട്ടിമറിക്കപ്പെട്ടു.ആഗസ്റ്റ് 17 (ചിങ്ങം 1) മുതൽ വീണ്ടും പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചിരുന്ന ബസ് സ്റ്റാന്റ് തുറക്കില്ല.ഭരണിക്കാവിലെ വ്യാപാരികളുടെ ആവശ്യപ്രകാരം കോവൂർ കുഞ്ഞുമോൻ എംഎൽഎ യാണ് തീരുമാനം മരവിപ്പിച്ചത്, എന്നാല്‍ പാര്‍ട്ടി ഇടപെടലും പൊതു അഭിപ്രായവും മാനിച്ചാണ് മാറ്റമെന്ന് എംഎല്‍എ പറയുന്നു .ഓണക്കാലത്ത് കച്ചവടം കുറയുമെന്ന വ്യാപാരികളുടെ ആവലാതിയെ തുടർന്നാണ് ഒരു താലൂക്ക് പ്രതീക്ഷയോടെ കാത്തിരുന്ന പരിഷ്ക്കരണം അട്ടിമറിക്കപ്പെട്ടത്.ഓണത്തിന് ശേഷം സ്റ്റാന്റ് തുറക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും വ്യാപാരികൾ അറിയിച്ചതായാണ് വിവരം.

എന്നാല്‍ പരിഷ്കാരം നടത്തേണ്ട സ്റ്റാന്‍ഡ് പഞ്ചായത്ത് വൃത്തിയാക്കി നല്‍കിയില്ല, കൂട്ടായി പരിഹരിക്കേണ്ട പല കാര്യവും നടപ്പായില്ല. ഒരുമിച്ചിരുന്നു തീരുമാനമെടുത്ത് പലരും പാലം വലിക്കുകയായിരുന്നു.

ഓണക്കാലത്തെ അതിരൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിലാണ് 17 മുതൽ പരിഷ്കരണം നടത്താൻ തീരുമാനിച്ചത്.ആഗസ്റ്റ് 4 നാണ് ഭരണിക്കാവിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ശാസ്താംകോട്ട പഞ്ചായത്ത് ഹാളിൽ എംഎൽഎയുടെ അധ്യക്ഷതയിൽ ഡിവൈഎസ്പി എസ്.ഷെരീഫ്,
ആർടിഒ ശരത് ചന്ദ്രൻ,പഞ്ചായത്ത് പ്രസിഡന്റ് ഗീത,ഓട്ടോ – ടാക്സി തൊഴിലാളികൾ,വ്യാപാരി പ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത സർവ്വകക്ഷി യോഗം നടന്നത്.സ്വകാര്യ- കെഎസ്ആർടിസി ബസ്സുകൾ മുഴുവനും സ്റ്റാന്റിൽ കയറി വേണം യാത്രക്കാരെ കയറ്റേണ്ടതും ഇറക്കേണ്ടതും.ടൗണിൽ പഴയ പോലെ സ്റ്റോപ്പുകൾ ഉണ്ടാകില്ല.ഭരണിക്കാവിലെ എല്ലാ റോഡുകളിലുമുള്ള ഫുഡ്പാത്തിലെ പെട്ടിക്കടകൾ അടക്കമുള്ളവ ഒഴിപ്പിക്കും.വ്യാപാര സ്ഥാപനങ്ങളുടെ അനധീകൃത ഇറക്കുകൾ പൊളിച്ചു മാറ്റും എന്നിങ്ങനെയുള്ള തീരുമാനങ്ങളാണ് എടുത്തത്.എന്നാൽ തൊട്ടടുത്ത ദിവസം തന്നെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.അതിനിടെ ചിലരുടെ ഭീഷണിക്കു മുന്നിൽ എംഎൽഎ മുട്ടു മടക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നുമുളള ആക്ഷേപം ശക്തമാണ്.

ഇത് ആദ്യമായല്ല ഇത്തരം പിന്തിരിപ്പന്‍ പരിപാടി നടക്കുന്നത്. സ്റ്റാന്‍ഡ്മാറ്റം നിരവധി തവണ അട്ടിമറിക്കപ്പെട്ടതാണ്.ഓരോതവണയും ഓരോ കാരണമാകുമെന്നുമാത്രം. ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച വര്‍ഷങ്ങളായിട്ടും പ്രവര്‍ത്തിപ്പിക്കാത്ത ജില്ലയിലെ ഏക ടൗണ്‍ ആണ് ഭരണിക്കാവ്.

Advertisement