വികാസിൽ വിപുലമായ ഓണാഘോഷം

Advertisement

ചവറ. വികാസ് കലാസാംസ്കാരിക സമിതി, ലൈബ്രറി, വനിതാവേദി, ബാലവേദി സംയുക്തമായി വിപുലമായ ഓണാഘോഷം ഈ വർഷം സംഘടിപ്പിച്ചിരിക്കുന്നു. ഓഗസ്റ്റ് 20 അത്തം നാളിൽ ആരംഭിച്ച് 28 ഉത്രാടം നാളിൽ സമാപിക്കും.
അത്തത്തിന് രാവിലെ ചവറ ഭരണിക്കാവിൽ തയ്യാറാക്കുന്ന പ്രത്യേക പന്തലിൽ പൂക്കളം രചിക്കും. തുടർന്ന് ഉത്രാട ദിവസം വരെ എല്ലാ ദിവസവും പൂക്കളം ഉണ്ടാകും. പൂക്കൾ മാത്രം ഉപയോഗിച്ചാണ് പൂക്കളം തയ്യാറാക്കുന്നത്.
ഓഗസ്റ്റ് 26ന് വൈകിട്ട് തെക്കൻ കേരളത്തിലെ 10 പ്രശസ്ത ടീമുകൾ പങ്കെടുക്കുന്ന തിരുവാതിര മത്സരം. 27 ന് വൈകിട്ട് വിളംബര ഘോഷയാത്ര, അരിനല്ലൂർ കരടികളി സംഘം പുലികളി, മാവേലി എന്നിവയുടെ അകമ്പടിയോടെ കൊറ്റംകുളങ്ങരയിൽ നിന്ന് ആരംഭിച്ച് വികാസിലെത്തിച്ചേരും. രാത്രി എട്ടുമണിക്ക് രാഹുൽ കെ, വീണ പ്രകാശ് എന്നിവരുടെ കരോക്കെ ഗാനമേള.
ഓഗസ്റ്റ് 28ന് രാവിലെ മുതൽ കുട്ടികൾക്ക് വേണ്ടി വിവിധ കലാ കായിക മത്സരങ്ങൾ. ഉച്ചയ്ക്ക് എല്ലാവർക്കും ഉത്രാട സദ്യ. മുതിർന്നവർക്ക് ഓണക്കോടി വിതരണം. തുടർന്നുള്ള കലാകായിക മത്സരങ്ങളോടെ ഓണാഘോഷം സമാപിക്കുമെന്ന് കൺവീനർ അറിയിച്ചു.

Advertisement