പടിഞ്ഞാറെ കല്ലട . കടപ്പാക്കുഴിയിൽ അമിതഭാരം കയറ്റി വന്ന വാഹനം പ്രദേശവാസികൾ തടഞ്ഞു.തകർന്ന് വീഴാറായ കടപ്പാക്കുഴി പാലത്തിലൂടെ അമിതഭാരം കയറ്റി വന്ന ടോറസ് ആണ് തടഞ്ഞത്.പൊതു മരാമത്ത് വകുപ്പ് ബ്രിജ് വിഭാഗത്തിന്റെ പരിശോധനയിൽ പാലത്തിന് ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൂടി 7 ടണ്ണിൽ കൂടുതൽ ഭാരമുള്ള വാഹനം വന്നാൽ നടപടി എടുക്കുന്നതിന് ഇൻഫർമേഷൻ സ്ക്വാഡിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തിയാണ് വാഹനങ്ങൾ അപകടകരമാം വിധം കടന്നു പോകുന്നത്.സുഭാഷ്.എസ്.കല്ലട, ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ ,ഗോപാലകൃഷ്ണൻ,സജു ദാവീദ്, ദിനേശൻ,ശശിധരൻ,മണി എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.വിവരം അറിഞ്ഞെത്തിയ പോലീസ് വാഹനം കയറ്റിവിടാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.പഞ്ചായത്ത് പ്രസിഡന്റ് ഡോ.ഉണ്ണികൃഷ്ണ പിള്ള,അംഗങ്ങളായ ബി.ത്രിതീപ് കുമാർ,ഓമനക്കുട്ടൻ പിള്ള,സുധ, അംബികാ കുമാരി തുടങ്ങിയവർ സ്ഥലത്തെത്തി പോലീസുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.