കരുനാഗപ്പള്ളി. മുനിസിപ്പൽ ചെയർമാനെ തൽസ്ഥാനത്തുനിന്ന് നീക്കാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ നീക്കം പാളി. സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജില്ലാ നേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് നീക്കം പരാജയപ്പെട്ടത്.
കരുനാഗപ്പള്ളിയിൽ നിലനിൽക്കുന്ന ശക്തമായ വിഭാഗീയതയെ തുടർന്ന് ഒരു വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവിനെ മാറ്റി മറ്റൊരാളെ തൽസ്ഥാനത്ത് കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. ഇതിനായി ചില കൗൺസിലർമാർ ഉൾപ്പെടെയുള്ളവരെ കൊണ്ട് ഒട്ടേറെ പരാതികൾ സംസ്ഥാന നേതൃത്വത്തിന് ഒരു വിഭാഗം അയച്ചിരുന്നു .
സിവിൽ വർക്കുകൾ നൽകുന്നതിൽ ഒരു വിഭാഗത്തിന് തിരഞ്ഞുപിടിച്ച് ഒഴിവാക്കുന്നു എന്ന് പറയുന്നതുൾപ്പെടെയുള്ളതായിരുന്നു പരാതികൾ. കഴിഞ്ഞദിവസം ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഏരിയ കമ്മിറ്റി യോഗവും ചേർന്നു. ഈ ഏരിയ കമ്മിറ്റിയിൽ വച്ച് ചെയർമാനെ നീക്കുന്ന തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിൽ സിപിഎമ്മിലെ ഒരു വിഭാഗം ആളുകൾ ഓഫീസിന് സമീപത്ത് തടിച്ചു കൂടിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വത്തിൽ നിന്ന് എത്തിയ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ ശക്തമായി ഇടപെട്ടതിനെ തുടർന്ന് ഈ നീക്കം പൂർണമായും പരാജയപ്പെടുകയായിരുന്നു.
പ്രശ്നം ചർച്ച ചെയ്യാൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിൽ വെള്ളിയാഴ്ച ഉച്ച മുതൽ ജില്ലാ, സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ യോഗവും തുടർന്ന് ഏരിയ കമ്മിറ്റിയും ചേരുകയായിരുന്നു. മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. രാജഗോപാൽ, കെ .വരദരാജൻ ജില്ലാ സെക്രട്ടറി എസ് സുദേവൻ എന്നിവരുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ യോഗം ആദ്യം ചേർന്നു. നഗരസഭ ചെയർമാന് എതിരെ ഒരു വിഭാഗത്തിന്റെ നേതൃത്വത്തിൽ അയച്ച പരാതികൾ എല്ലാം ഈ കമ്മിറ്റി പരിശോധിക്കുകയും ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്യുകയായിരുന്നു.എന്നാൽ മുനിസിപ്പൽ ചെയർമാന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ ഇനിമുതൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ജില്ലാ നേതൃത്വം നേരിട്ട് ഇടപെടും. ആവശ്യമായ നിർദ്ദേശങ്ങളും ഇവിടെ നിന്നും നൽകും. തുടർന്നുചേർന്ന ഏരിയ കമ്മിറ്റിയിൽ ഈ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്തത്.
ചർച്ചയില്ലാതെ യോഗം തീരുമാനം അംഗീകരിക്കുകയും ചെയ്തു. ഇതോടെ ചെയർമാനെ നീക്കി അട്ടിമറി വിജയം നേടാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിൻ്റെ നീക്കത്തെ തടയാൻ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് എതിർപക്ഷം. സിപിഎമ്മിൽ സംസ്ഥാന കമ്മിറ്റി അംഗവും മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ നേതാവും നേതൃത്വം നൽകുന്ന ഗ്രൂപ്പുകളാണ് കരുനാഗപ്പള്ളിയിൽ ശക്തമായി നിലനിൽക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗത്തെ അനുകൂലിക്കുന്ന നിലവിലെ ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനെ പുതിയ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു നീക്കം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇത് ഉൾപ്പെടെ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടു സംസ്ഥാന കമ്മറ്റി അംഗങ്ങൾ ഉൾപ്പെടുന്ന ജില്ലാ നേതൃത്വം തന്ത്രപൂർവ്വം ഇടപെട്ടതോടെയാണ് നീക്കം തടയാൻ കഴിഞ്ഞത്. ഇതിനിടെ വനിതാ സഖാക്കൾക്ക് നേരെ അപമര്യാദയായി പരാമർശം നടത്തിയതിന് സി.പി.എം ഏരിയ സെക്രട്ടറിയെ യോഗം താക്കീത് ചെയ്തതായും അറിയുന്നു. എന്നാൽ കരുനാഗപ്പള്ളിയിലെ സംസ്ഥാന കമ്മിറ്റി അംഗത്തിനെ അനുകൂലിക്കുന്ന പക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് ശക്തമായ മറുപടി നൽകാൻ ജില്ലാ സെക്രട്ടറിയേറ്റിലെ ചിലരുടെ പിന്തുണയോടെ കരുക്കൾ നീക്കി വരുന്നതായും സൂചനയുണ്ട്. മുൻ ഡി.വൈ.എഫ്.ഐ നേതാവ് പി.ആർ. വസന്തനെ അനുകൂലിക്കുന്ന വിഭാഗത്തിനെതിരെയാണ് ഇവരുടെ നീക്കം. ഇതിൻ്റെ ഭാഗമായി മുൻ ജെ.ഡി.എസ് നേതാവായ റെജി ഫോട്ടോ പാർക്കിനെ കൊണ്ട് രണ്ടര വർഷക്കാലം ഒരു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയിരിക്കുകയാണ്. വസന്തനെ അനുകൂലിക്കുന്ന വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലതയെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യാനാണ് ഇതിലൂടെ എതിർവിഭാഗം ലക്ഷ്യമിടുന്നത്.
ഇതിനിടെ കായൽ കയ്യേറ്റങ്ങൾ ഒഴുപ്പിക്കാനുള്ള നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിന്റെ നീക്കമാണ് ചെയർമാൻ സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ നീക്കം ചെയ്യാൻ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചതെന്ന വാദവും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കായൽ പുറമ്പോക്കുകൾ അളന്നുതിട്ടപ്പെടുത്തി തിരിച്ചുപിടിക്കാനുള്ള നീക്കം തടസ്സപ്പെടാനും സാധ്യതയുണ്ട്.