എഴുകോണില്‍ എംഡിഎംഎ ക്യാപ്‌സ്യൂളുമായി യുവാക്കള്‍ പിടിയില്‍

Advertisement

കൊട്ടാരക്കര: എംഡിഎംഎ ക്യാപ്‌സ്യൂളുകളും കഞ്ചാവുമായി മൂന്നു യുവാക്കള്‍ എഴുകോണ്‍ എക്‌സൈസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം എഴുകോണ്‍ കാക്കക്കോട്ടൂര്‍ ഭാഗത്ത് നടത്തിയ തിരച്ചിലിലാണ് സ്‌കൂള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ ഫോണ്‍ ആപ്പുകള്‍ വഴിയും മാരകമായ മയക്കു മരുന്ന് ലഹരി കച്ചവടവും ഉപഭോഗവും നടത്തി വന്ന പ്രതികളെ പിടികൂടിയത്. എഴുകോണ്‍, കാക്കക്കോട്ടൂര്‍ രാമനിലയത്തില്‍ രാഹുല്‍ (27), എഴുകോണ്‍ മുക്കണ്ടം വാളായിക്കോട് മണി മന്ദിരത്തില്‍ അനിജിത്ത് (28), തലച്ചിറ കോക്കാട് അമീന്‍ മന്‍സിലില്‍ അഫ്‌സല്‍(27) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
2.05 ഗ്രാം വരുന്ന എംഡിഎംഎയുടെ അഞ്ച് ക്യാപ്‌സ്യൂളുകള്‍, 0.775 ഗ്രാം എംഡിഎംഎ, 20, 8, 5 ഗ്രാമുകള്‍ വരുന്ന കഞ്ചാവ് പൊതികള്‍ എന്നിവ പ്രതികളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന രാഹുലിന്റെ വീട്ടില്‍ നടന്ന പരിശോധനയിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.