ഓണം എത്തുന്നത് പട്ടിണിയില്ലാത്ത കേരളത്തിലേക്ക് – മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

കൊല്ലം.ഏറ്റവും കുറവ് ദരിദ്രരുള്ള കേരളത്തിലേക്കാണ് ഓണം വീണ്ടും എത്തുന്നത് എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ആശ്രാമം മൈതാനത്ത് ജില്ലാ പഞ്ചായത്ത്, ജില്ലാ വ്യവസായ കേന്ദ്രം, പട്ടികവർഗ്ഗ വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ തുടങ്ങിയ ഉൽപ്പന്ന- പ്രദർശന- വിപണന മേളയായ ‘സമൃദ്ധി 2023’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
0.3 ശതമാനം മാത്രമാണ് കേരളത്തിലെ ദരിദ്രരുടെ എണ്ണം. തൊട്ടടുത്ത സംസ്ഥാനത്ത് ഇത് നാല് ശതമാനത്തിൽ ഏറെയാണ്. ഈ പശ്ചാത്തലത്തിലും അതിദരിദ്രരെ കണ്ടെത്തി അവർക്ക് എല്ലാവിധ സംരക്ഷണവും ഒരുക്കാൻ സർക്കാർ മുന്നോട്ടു നീങ്ങുകയാണ്. കേന്ദ്ര ഏജൻസികളുടെ പഠനപ്രകാരവും 24 മേഖലകളിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിൽ ഉൾപ്പെടെ രാജ്യത്തിന് മാതൃകയായാണ് കേരളത്തിന്റെ മുന്നേറ്റം. ആയുർദൈർഘ്യം കേരളത്തിൽ കൂടുന്നത് പുരോഗതിയുടെ അടയാളമാണ്. അർഹമായ കേന്ദ്രവിഹിതം ലഭിക്കാതിരിക്കുമ്പോഴും 62 ലക്ഷം പേർക്ക് സാമൂഹ്യ ക്ഷേമപെൻഷനും അർഹതയുള്ള എല്ലാ വിഭാഗങ്ങൾക്കും ബോണസും മറ്റ് ആനുകൂല്യങ്ങളും എല്ലാം സർക്കാർ നൽകുകയാണ്. നവമാവേലിനാടായി കേരളം മാറുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷരായ അനിൽ എസ്. കല്ലേലിഭാഗം, കെ ഷാജി, അംഗങ്ങളായ എൻ എസ് പ്രസന്നകുമാർ, സി പി സുധീഷ് കുമാർ, ആശ ദേവി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽമാനേജർ ബിജു കുര്യൻ, മാനേജർ ദിനേശ്, പട്ടികവർഗ്ഗ വികസന ഓഫീസർ എസ് ബിജിമോൾ, ചെറുകിട വ്യവസായ സംരംഭകർ, കുടുംബശ്രീ അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ശ്രീനാരായണ വനിതാ കോളേജിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ ദിവസവും വൈകുന്നേരം ഗോത്ര കലാകാരന്മാരുടെ പരിപാടികൾ അരങ്ങേറും.