വധശ്രമക്കേസിൽ റിമാൻഡിലായിരിക്കുമ്പോഴും ഡിവൈഎഫ്ഐ നേതാവിന് ശമ്പളം

Advertisement

കൊല്ലം. വധശ്രമക്കേസിൽ റിമാൻഡിലായിരിക്കുമ്പോഴും
കുടുംബശ്രീ മിഷനിലെ താൽക്കാലിക ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിന് ശമ്പളം നൽകിയതായി പരാതി. ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക്‌ സെക്രട്ടറി മുഹമ്മദ്‌ ബിലാലിനാണ് റിമാൻ്റ് കാലയളവിലും സർക്കാർ ശമ്പളം നൽകിയത്.സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു.

മന്ത്രി പി രാജീവിനെതിരെ കൊല്ലത്ത് പ്രതിഷേധിക്കാൻ എത്തിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐയുടെ നേതാക്കളുടെ നേതൃത്വത്തിൽ മർദ്ദിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ കേസിലെ നാലാം പ്രതിയും ഡിവൈഎഫ്ഐ കൊല്ലം ജില്ല ബ്ലോക്ക് സെക്രട്ടറിയുമായ മുഹമ്മദ് ബിലാലിനെ 2 ദിവസത്തിനു ശേഷം പോലീസ് പിടിയിലായ ബിലാൽ 17 ദിവസമാണ് റിമാൻറിലായത്. കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ്റെ നിയന്ത്രണത്തിൽ ടൗൺ യുപിഎസിൽ പ്രവർത്തിക്കുന്ന ബുക്ക് ഡിപ്പോയിലെ താൽക്കാലിക ജീവനക്കാരനായ ബിലാലിന് റിമാൻ്റ് കാലത്തും ശമ്പളം നൽകിയെന്ന് തെളിയിക്കുന്ന രേഖകളാണ് യൂത്ത് കോൺഗ്രസ് പുറത്ത് വിട്ടത്.

റിമാൻറ് കാലയളവിൽ ബിലാൽ ഓഫിസിൽ എത്തിയതായി വ്യാജ രേഖയുണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു.

സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു. വിഷയം
വിശദമായി പരിശോധിച്ച ശേഷം മറുപടി നൽകാമെന്നാണ് കുടുംബശ്രീ ജില്ലാ മിഷന്റെ പ്രതികരണം. ക്രിമിനൽ കേസിൽ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാർ ഉൾപ്പെട്ടാൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണ് രീതി. എന്നാൽ ബിലാലിനെതിരെ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല ജയിലിൽ കിടന്നതിന് ശമ്പളവും നൽകി. വിഷയത്തിൽ ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്.