അനുകരിക്കാനാവാത്ത ജീവിത ലാളിത്യം

Advertisement

ഫാ. തോമസ് വര്‍ഗീസ്

വളരെ വ്യത്യസ്ഥമായ ജീവിത ശൈലി കൊണ്ട് അനേക സഭാ വിശ്വാസികളെ ആകർഷിച്ച അഭിവന്ദ്യ സക്കറിയാസ് മാർ അന്തോനിയോസ് തിരുമേനിയുടെ ഭൗതിക വേർപാടിൽ ഹൃദയപൂർവ്വമായ അനുശോചനം രേഖപ്പെടുത്തുന്നു. 1991 ഏപ്രീൽ 30 ന് മേൽപ്പട്ട സ്ഥാനത്തെക്ക് ഉയർത്തി. കൊച്ചി കൊല്ലം ഭദ്രാസനങ്ങളിലായി 31 വർഷക്കാലം സേവനം അനുഷ്ടിച്ചു. 2022 ൽ ഭദ്രാസന ചുമതലകൾ ഒഴിഞ്ഞ് വിശ്രമജീവിതം തിരഞ്ഞെടുത്ത തിരുമേനിയുടെ ജീവിതം ധാരാളം നല്ല മാതൃകകളാൽ സമ്പന്നമായിരുന്നു.

ചുമതല നിർവ്വഹിച്ച ഭദ്രാസനങ്ങളിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ നായകൻ എന്ന സ്ഥാനം ഒരു അലങ്കാരമായി മാത്രം കരുതിയിരുന്നില്ല. യൂ ണിറ്റ് തലത്തിലായാൽ പോലും, തിരുമേനി അറിഞ്ഞാൽ അതിൽ ആദ്യന്തം സ്നേഹ സാന്നിധ്യമായി കൂടെ നില്ക്കുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ശ്രേഷ്ടാചാര്യത്ത്വ വിളിയുടെ, കർത്തവ്യ നിഷ്ഠയുടെ ഉത്തമ ബോധ്യത്തിൽ നിന്നുള്ള സവിശേഷ മാതൃകയാണ്. അതാകട്ടെ ഭക്തരായ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ജീവിത നൈർമല്യത്തിന്റെ നിദർശനം കൂടിയാണ്. പൂനലൂർ വാളക്കോട് സെന്റ ജോർജ്ജ് പള്ളിയിലെ ആറ്റു മാലിൽ വരമ്പത്ത് സബ്ല്യൂ. സി. ഏബ്രഹാമിന്റെയും മറിയാമ്മയുടെയും ആറു മക്കളിൽ മൂത്ത മകനായിരുന്നു തിരുമേനി എന്നതും ദൈവ മുമ്പാകെയുള്ള നല്ല സ്മരണയാണ്.

അദ്ദേഹത്തിന്റെ ജീവിത ലാളിത്യം ഒരു പക്ഷേ പലർക്കും അനുകരിക്കാൻ പ്രയാസമായിരിക്കും. ഏതെങ്കിലും വിദേശ രാജ്യം സന്ദർശിക്കാൻ കൂട്ടാക്കിയില്ല എന്നുള്ളതോ പാസ്പോർട്ട് ഉണ്ടായിരുന്നില്ലാ എന്നുള്ളതോ അല്ല മറിച്ച് ജീവിതത്തിൽ പാലിക്കേണ്ട മിതത്ത്വവും സന്ന്യസ്ഥ ജീവിതത്തോടുള്ള അഭിനിവേശവും ഈ കാലഘട്ടത്തിൽ സുലഭമല്ല. തിരുമേനിയെ സന്ദർശിക്കുന്നവരോട് യാതൊരു മുഖവുരയും കൂടാതെ സംഭാഷണം നടത്താനുള്ള ആർജ്ജവത്തം തിരുമേനിയെ ലാളിത്യത്തിന്റെ മനോഹര പ്രതിരൂപമാക്കി മാറ്റുന്നു. ശ്രദ്ധാലുവായ ഒരു കേഴ് വിക്കാരനായിരുന്ന് തന്നെ സമീപിക്കുന്നവർക്ക് ആത്മീയ പിതാവായി വർത്തിക്കുവാനുളള തിരുമേനിയുടെ അന്ന്യാദ്യശ്യമായ കഴിവ് സന്ന്യാസത്തിന്റെ ലളിത സുന്ദരമായ മുഖമാണ് . എന്നാൽ തിരുമേനിയുടെ ചുമതലയിലുളള എല്ലാ സ്ഥാപനങ്ങളിലും അത്യന്തം കാര്യക്ഷമതയോടും സൂക്ഷമതയോടും ഇടപ്പെടുകയും അവ നടത്തുവാൻ ചുമതലപ്പെടുത്തുന്നവർക്ക് വലിയ ധൈര്യമായി കൂടെ ഇരിക്കയും ചെയ്യുന്ന ലളിതവും ശക്തമുനയ ചാലക ശക്തിയായിരുന്നു തിരുമേനി.

തിരുമേനിയുടെ മറ്റൊരു ലളിതമനോഹാരിത അദ്ദേഹത്തിന്റെ പ്രകൃതി നിരീക്ഷണവും നിശബ്ദതയോടുള്ള സ്നേഹവുമായിരുന്നു. വായനയുടെ മർമ്മ മറിഞ്ഞ സരസനായ ഒരു പുസ്തകാരാധകൻ കൂടിയായിരുന്നു തിരുമേനി. വിശ്രമജീവിതം നയിച്ച ആനീക്കാട്ടെ ആശ്രമത്തിലിരുന്ന് അരികിലൂടെ ഒഴുകുന്ന അരുവിയുടെ ശബ്ദവും അവിടെ വന്നു പോകുന്ന പറവകളെയും ഹൃദയത്തിൽ ലാളിച്ച ജൈവ സന്യാസ സാന്നിധ്യമായിരുന്നു അഭി. അന്തോനിയോസ് തിരുമേനി. തിരുമേനിയുടെ സ്മരണയിൽ പ്രാർത്ഥനാ പൂർവ്വം തല വണക്കുന്നു.

.ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് ദ്വിതീയൻ എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടറാണ് ലേഖകന്‍

Advertisement