മുക്കുപണ്ടം പണയം വെച്ച കേസില്‍ യുവതി അറസ്റ്റില്‍

Advertisement

ഓയൂര്‍: ഓടനാവട്ടത്ത് മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമിച്ച കേസിലെ നാലാം പ്രതിയായ യുവതി അറസ്റ്റില്‍. വെളിയം കോളനിയില്‍ യോഹന്നാന്‍ മന്ദിരത്തില്‍ പ്രീമാ പ്രകാശ് (29) നെയാണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രീമ പണയം വെക്കാനും വില്‍ക്കുവാനുമായി നല്‍കിയ മുക്കുപണ്ടം ഓടനാവട്ടത്തെ സ്വകാര്യ ധനമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച ഒന്നും രണ്ടും പ്രതികളായ പ്രീമയുടെ ബന്ധുക്കളായ വെളിയം കോളനിയില്‍ യോഹന്നാന്‍ സദനത്തില്‍ പോള്‍.ടി. നെറ്റോ (54), ഓടനാവട്ടം പരുത്തിയറ ബിജു നിവാസില്‍ ബിജു (55) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു ധനമിടപാട് സ്ഥാപനത്തില്‍ വളകളും, മാലകളും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ കയ്യില്‍ മുക്കുപണ്ടം നല്‍കിയവരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ നാലാം പ്രതി പ്രീമയും മൂന്നാം പ്രതിയായ ഇവരുടെ ഭര്‍ത്താവ് അഖില്‍ ക്ലീറ്റസും ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ പ്രീമയെ പിടികൂടിയിരിക്കുന്നത്. മൂന്നാം പ്രതി അഖില്‍ ക്ലീറ്റസിനു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് സിഐ ബിജു പറഞ്ഞു.

Advertisement