മടങ്ങിയത് ശുദ്ധജലതടാകത്തിന്‍റെ ഇതിഹാസ പോരാളി

Advertisement

ഹരികുറിശേരി

ശാസ്താംകോട്ട. ശുദ്ധജലതടാകത്തിന്റെ ഇതിഹാസമാണ് അസ്തമിച്ചത്. വിടവാങ്ങിയ കെ കരുണാകരന്‍പിള്ള ശാസ്താംകോട്ട ശുദ്ധജല തടാകത്തിന്റെ എന്‍സൈക്‌ളോപീഡിയ ആയിരുന്നു. തടാകത്തിന്റെ വിജയത്തിലെത്താതെ പോയ പാരിസ്ഥിതിക പോരാട്ടത്തിന്റെ മുഖ്യ കാര്യദര്‍ശി.

ശാസ്താംകോട്ട തടാകത്തിന്റെ നിലനില്‍രപ്പു തന്നെ ചോദ്യം ചെയ്യപ്പെട്ട 1997 മുതലുള്ള 20 വര്‍ഷം അതിന്റഎ നിലനില്‍പ്പിനായുള്ള പോരാട്ടത്തിന് ഊര്‍ജ്ജം പകര്‍ന്ന ഇദ്ദേഹം തന്നെയായിരുന്നു തടാക സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ വാഗ്ദാനങ്ങളുടെയും അധികൃതരുടെ കള്ളക്കണക്കുകളുടെയും നാള്‍ വിവരപ്പട്ടികയുടെ മുഖ്യസൂക്ഷിപ്പുകാരന്‍.

ഒട്ടേറെ പ്രത്യേകതകളുള്ള ശുദ്ധജല തടാകം സംരക്ഷിക്കപ്പെടണമെന്ന തല്ലാതെ അത് എങ്ങനെയെന്നറിയാത്തകാലം, തടാകത്തിലെ ജലം അമിതമായി ചൂഷണം ചെയ്യുകയാണെന്ന തിരിച്ചറിവില്‍ നടന്ന സമരകാലം സമരത്തിലൂടെ നേടിയ വാഗ്ദാനങ്ങള്‍ ജലരേഖകളാണെന്നുകണ്ട ആധുനിക കാലം ഇതിനെല്ലാം മൂകനല്ലാത്ത സാക്ഷിയായിരുന്നു അദ്ദേഹം. വിദേശികളടക്കമുള്ള ഗവേഷകരും മാധ്യമപ്രവര്‍ത്തകരും എണ്ണമറ്റ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കെല്ലാം വിവരങ്ങള്‍ നല്‍കുകയും ഓരോ തവണയും പ്രതീക്ഷയോടെ അവര്‍ക്കൊപ്പം തടാകത്തിലെത്തുകയും ചെയ്തു. അതിനൊപ്പം നിവേദനവും നിയമ പോരാട്ടവുമടക്കമുള്ള അടിത്തട്ട് നീക്കങ്ങളാല്‍ സാറിന്റെ ജീവിതം എന്നും തിരക്കിലായിരുന്നു.
തടാക ചൂഷണം അതിരുവിട്ട 2011-13 കാലത്ത് ഒരുമാസം നീണ്ട സമരവും നിരാഹാരസമരവുമായി നാട് പോരാടിയത് കെ കരുണാകരന്‍പിള്ളയുടെ
പിന്നില്‍ അണിനിരന്നാണ്. ആര്‍ ഗംഗപ്രസാദ്, എസ് ബാബുജി ,വിഎസ് ശ്രീകണ്ഠന്‍നായര്‍ തുടങ്ങി നിരവധി പേര്‍ ജനപ്രതിനിധികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തപ്പോള്‍ അധികൃതര്‍ക്ക് അത് അവഗണിക്കാനാവാതെയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തടാക സംരക്ഷണ പദ്ധതികളുടെ ചര്‍ച്ചയ്ക്കായി ഒരു മുഴുവന്‍ ദിവസം ശാസ്താംകോട്ടയില്‍ ചിലവിട്ടു. അന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം പാതിവഴിയില്‍ അട്ടിമറിക്കപ്പെട്ടു. കേന്ദ്രസംസ്ഥാന ഏജന്‍സികളിലെ ഗവേഷകര്‍ തയ്യാറാക്കിയ മാനേജുമെന്റ് ആക്ഷന്‍ പ്‌ളാന്‍ എന്ന ബൃഹദ് ഗ്രന്ഥം ഇന്നും അധികൃതരുടെ പെട്ടകത്തില്‍ ഭദ്രമായിരിക്കുന്നു.

സാര്‍ത്ഥകമായ റിട്ടയര്‍മെന്റ് ജീവിതം പൂര്‍ത്തിയാക്കിയിരുന്ന കാലം അദ്ദേഹം നയിച്ച വേറെയും സമരമുണ്ട്. ശല്യകാരികളായ ശാസ്താംകോട്ട വാനരന്മാരെ നാടുകടത്തുന്നതിനുള്ള കോടതി ഉത്തരവ് ഡെല്‍ഹിയില്‍നിന്നുള്ള വാതാവരണ്‍ സംഘത്തെ വരെ എത്തിച്ച് നടപ്പാക്കി. അതു പോലെ ഒന്ന് തടാക സംരക്ഷണത്തിന് ലഭിക്കാതെ പോയി. തടാക സംരക്ഷണത്തി്‌ന് അണിനിരന്നവരെല്ലാം അധികൃതരുടെ കൊടും വഞ്ചനയില്‍ നിരാശയിലായി.
പടിഞ്ഞാറേകല്ലടയിലേയും ചേലൂരിലേയും ഖനനമില്ലാതാവുകയും തടാകം പ്രളയജലത്താല്‍ സമ്പന്നമാവുകയും ചെയ്തതിനാല്‍ ഇപ്പോള്‍ ആര്‍ക്കും തടാകം പ്രശ്‌നമാകുന്നില്ല. കാലാവസ്ഥ മാറുന്നകാലം ജനവും അധികൃതരും ഈ സംരക്ഷണ പോരാട്ടം ഓര്‍ക്കുമായിരിക്കും.
എല്ലാ പരിസ്ഥിതി പ്രവര്‍ത്തകരെയും പോലെ നിരാശയോടെ മടങ്ങിയെങ്കിലും ഇത് സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന് ചൂണ്ടിക്കാട്ടി കെ കരുണാകരന്‍പിള്ള കൊളുത്തിവച്ച അഗ്നി തടാകതീരത്ത് പ്രോജ്വലിച്ചുകൊണ്ടിരിക്കുമെന്നത് ഉറപ്പാണ്.

Advertisement