ടിപ്പര്‍ സ്‌കൂട്ടറിലിടിച്ച് വീട്ടമ്മ മരിച്ചു

Advertisement

കൊട്ടാരക്കര: പുത്തൂര്‍-ചീരങ്കാവ് റോഡില്‍ പൊരീക്കലിന് സമീപം ഒരേ ദിശയില്‍ സഞ്ചരിച്ചിരുന്ന ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. പുത്തൂര്‍, ഭജനമഠം മനേഷ് ഭവനില്‍ ഗിരിജാകുമാരി (54) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് സുന്ദരേശനെ (58) പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പകല്‍ 11 മണിയോടെയായിരുന്നു അപകടം. പുത്തൂര്‍ ഭാഗത്തേക്ക് പോയ സ്‌കൂട്ടറില്‍ പിന്നാലെയെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ ഗിരിജാകുമാരിയുടെ ശരീരത്തിലൂടെ ടിപ്പര്‍ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. എഴുകോണ്‍ പോലീസ് കേസെടുത്തു. മക്കള്‍: മനേഷ്, മോനിഷ.