കൊല്ലം.വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ അഫ്സാന പർവീൺ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്തി. കിഴക്കൻ മേഖലയായ പുനലൂരിലെ വിവിധ കടകളിലാണ് പരിശോധന നടത്തിയത്. സാധനങ്ങൾ പൂഴ്ത്തിവെച്ച് വിലക്കയറ്റം ഉണ്ടാക്കുന്നതും അളവ് തൂക്ക മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തുന്നതും പരിശോധിച്ചു. പൊതുജനത്തിന് കാണത്തക്കവിധം വില വിവരപട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്ക് താക്കീത് നൽകി.
നിയമലംഘനം തുടർന്നാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകി. അളവ് -തൂക്ക ഉപകരണങ്ങളുടെ കൃത്യതയും പരിശോധിച്ചു. ഹോൾസെയിൽ വിപണിയിൽ നിന്ന് വാങ്ങുന്ന സാധനങ്ങൾക്ക് ബില്ലുകൾ ഉണ്ടാകണമെന്ന് നിർദ്ദേശിച്ചു. പൊതു വിപണിയിൽ നിന്നുള്ള തിനേക്കാൾ ഉയർന്ന വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്നത് അനുവദനീയമല്ല. പരിശോധന വരും ദിവസങ്ങളിലും തുടരും. സാധാരണക്കാരെ വിലക്കയറ്റംബാധിക്കാത്ത വിധത്തിൽ സാധനങ്ങളുടെ വിപണനം ഉറപ്പാക്കും എന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ല സപ്ലൈ ഓഫീസർ കെ വി മോഹൻ കുമാർ, ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ, പോലീസ് എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന.