ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി:എന്‍ഐആര്‍ഡി സംഘം സന്ദര്‍ശനം നടത്തി

Advertisement

കൊല്ലം: സംസ്ഥാനത്തെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റിന്റെ നേതൃത്വത്തിലുള്ള സംഘം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് സന്ദര്‍ശിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 ഉദ്യോഗസ്ഥരാണ് ചടയമംഗലം, കടയ്ക്കല്‍, കുമ്മിള്‍, ഇട്ടിവ ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.
സ്വയംസഹായ സംഘങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കിയ വര്‍ക് ഷെഡ്, വിവിധ വകുപ്പുകളുടെ സംയോജന സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി നിര്‍മിച്ച അങ്കന്‍വാടി, കളിസ്ഥലം, സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കിയ കാലിത്തൊഴുത്ത്, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് എന്നീ പ്രവൃത്തി സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തി.
പ്രവൃത്തികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനം വളരെ കരുത്തുറ്റതാണെന്നും എന്‍ഐആര്‍ഡി പ്രൊഫസര്‍ രാജ്കുമാര്‍ പമ്മി അഭിപ്രായപ്പെട്ടു. കില സിഎച്ച്ആര്‍ഡി ഡയറക്ടര്‍ സുധ, ഫാക്കല്‍ട്ടികളായ വിനോദ്, ജെപിസിസിഎസ് ലതിക, ജില്ലാ എഞ്ചിനീയര്‍ ഗീതാ സുദര്‍ശന്‍, ചടയമംഗലം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍. അനൂപ് കുമാര്‍, ജോയിന്റ് ബിഡിഒ എസ്. കിഷോര്‍, തൊഴിലുറപ്പ് ജീവനക്കാര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

Advertisement