കൊല്ലം.ഓണ ദിവസങ്ങളില്‍ കൊല്ലം നഗരത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ കൊല്ലം സിറ്റി പോലീസ് ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന്‍റെ ഭാഗമായി നഗര പരിധിയില്‍ അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി തടയുകയും പാര്‍ക്കിംഗിനായി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം സ്ഥലങ്ങള്‍ കണ്ടെത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കഴിവതും അതത് സ്ഥാപനങ്ങളുടെ പാര്‍ക്കിംഗ് ഏരിയകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം.
ജില്ലാ ആശുപത്രിക്ക് സമീപമുള്ള തണല്‍ ഗ്രൗണ്ട് , ആണ്ടാമുക്കത്തെ കോര്‍പ്പറേഷന്‍ ഗ്രൗണ്ട്, സെന്‍റ് ജോസഫ് സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ജനങ്ങല്‍ പ്രയോജനപ്പെടുത്തണം. ഇതു കൂടാതെ ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി പല റോഡുകളും പകല്‍ സമയങ്ങളില്‍ വണ്‍വേകളായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8 മുതല്‍ രാത്രി 8 വരെ കല്ലുപാലം-മൂലക്കട റോഡ്, ചിന്നക്കട-ആര്‍.കെ ജംഗ്ഷന്‍ റോഡ്, കുമാര്‍ ജംഗ്ഷന്‍-ചാമക്കട റോഡ്, ആണ്ടാമുക്കം- ഹനുമാന്‍കോവില്‍ റോഡ്, സെന്‍റ് ജോസഫ് ജംഗ്ഷന്‍- ആര്‍.കെ ജംഗ്ഷന്‍ റോഡ്(തുയ്യംപള്ളി വഴി) എന്നിവ വണ്‍വെ റോഡുകളായിരിക്കും.
ഇതുകൂടാതെ എസ്.എന്‍ വിമന്‍സ് കോളജ്-ജവഹര്‍ ജംഗ്ഷന്‍ റോഡ്, തങ്കശ്ശേരി ലൈറ്റ് ഹൗസ് റോഡ്-മൗണ്ട് കാര്‍മ്മല്‍ സ്കൂള്‍ റോഡ്, ഇന്‍ഫന്‍റ് ജീസസ്- തങ്കശ്ശേരി ലൈറ്റ് ഹൗസ് റോഡ്, ആല്‍ത്തറമൂട്- ലക്ഷ്മിനട റോഡ്(സെന്‍റ് അലോഷ്യസ് വഴി) എന്നീ റോഡുകളില്‍ രാവിലെ 8.30 മുതല്‍ 10.00 വരെയും വൈകിട്ട് 3.30 മുതല്‍ 5 വരെയും വണ്‍വേ ട്രാഫിക്ക് മാത്രമേ അനുവദിക്കുകയുള്ളു.
ഇത് കൂടാതെ ഓണക്കാലയളവില്‍ വീട് വിട്ട് പോകുന്നവര്‍ ആ വിവരം പോലീസ് സ്റ്റേഷനില്‍ നേരിട്ടോ, കേരള പോലീസിന്‍റെ څപോള്‍ ആപ്പ്چ വഴിയോ അറിയിക്കേണ്ടതാണ്. ഇവിടങ്ങളില്‍ പോലീസ് ശ്രദ്ധ ശക്തിപ്പെടുത്തുന്നതാണ്. ജില്ലയിലേക്കുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഒഴുക്ക് തടയുന്നതിനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 0474 2742265, 1090 എന്നീ നമ്പറുകളില്‍ പോതുജനങ്ങള്‍ക്ക് അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരെ സംബന്ധിച്ച കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. സ്ഥിരംകുറ്റവാളികളെ പോലീസ് പ്രത്യേകമായി നിരീക്ഷിക്കും. ബീച്ച്, പാര്‍ക്കുകള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ എസിപി മാരുടെ മേല്‍നോട്ടത്തില്‍ പോലീസ് പട്രോളിംഗ് ഉണ്ടായിരിക്കും. നഗരത്തിലെ തിരക്ക് കുറക്കുന്നതിനായി പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളില്‍ പൊതുജനങ്ങളുടെ പൂര്‍ണ്ണമായ പിന്തുണ ആവശ്യമാണെന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെയും മറ്റ് ട്രാഫിക്ക് നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.