അടിയന്തര സഹായ ഫണ്ടുമായി കുടുംബശ്രീ

Advertisement

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വിനിയോഗിക്കുന്നതിനായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓരോ സി ഡി എസ് സുകള്‍ക്കും 50000 രൂപ വീതം നല്‍കും. എമര്‍ജന്‍സി ഫണ്ട് അനുവദിക്കുന്ന തുക ഗുണഭോക്താക്കളുടെ  രോഗസംബന്ധമായ ആവശ്യങ്ങള്‍, മരണാനന്തര ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായി  സി ഡി എസ് കമ്മിറ്റി തീരുമാനപ്രകാരം വിനിയോഗിക്കാം. അതിദാരിദ്ര്യ കുടുംബങ്ങളെ സഹായിക്കുന്നതിനായി ‘മെന്റര്‍ എന്‍ എച്ച് ജി’ എന്ന തനത് പദ്ധതിയും ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. ഇതിലൂടെ ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, ഉപജീവനം തുടങ്ങി ഗുണഭോക്താക്കളുടെ ആവശ്യം കൃത്യമായി കണ്ടെത്താനും ഇടപെടാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി സാമൂഹിക വികസന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും.
പദ്ധതിയിലൂടെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളാല്‍ വൃത്തിഹീനമായ സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളെ പരിചരിക്കാനും ഹെല്‍ത്ത് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കമ്മ്യൂണിറ്റി കൗണ്‍സിലറുടെ സേവനം ഉറപ്പുവരുത്താനും കഴിയും പ്രാദേശിക സ്പോണ്‍സര്‍ഷിപ്പിലൂടെ ഭക്ഷണ കിറ്റ്, പോഷകാഹാര കിറ്റ്, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, വീടുവയ്ക്കാനുള്ള സഹായം തുടങ്ങിയവ നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും.കുടുംബശ്രീ സംവിധാനങ്ങളിലൂടെ തൊഴില്‍രഹിതരായവര്‍ക്ക്   സംരംഭങ്ങളില്‍ തൊഴിലും തൊഴിലുറപ്പ് പദ്ധതി മുഖേന തൊഴില്‍ കാര്‍ഡും ലഭ്യമാകും. മാനസിക വെല്ലുവിളി നേരിടുന്നവരെ കണ്ടെത്തി ബഡ്സ് സ്‌കൂളുകളില്‍ അഡ്മിഷന്‍ നല്‍കും. വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് തുല്യത പഠനത്തിലൂടെ പത്താം ക്ലാസ്/ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാന്‍ സഹായിക്കും. ഫോണ്‍ : 04742794692.

Advertisement