കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടന്ന കൊലപാതകം: പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Advertisement

കൊല്ലം: റെയിൽവേ സ്‌റ്റേഷനിൽവച്ച് ആനപാപ്പാനെ കുത്തിക്കൊന്ന കേസിൽ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശിയായ വൃദ്ധന്റെ അറസ്റ്റ് രേഖപ്പെടുത്തി. മാഹിൻ എന്ന് വിളിപ്പേരുള്ള കല്ലറ അനു മന്ദിരത്തിൽ രാധാകൃഷ്ണനാണ് (67) അറസ്റ്റിലായത്. സംഭവശേഷം ട്രെയിനിൽ എറണാകുളത്തേക്ക് പോയി തിരികെ തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് പിടിയിലായത്.
തൃക്കരുവ സ്‌റ്റേഡിയത്തിന് സമീപം കളീലിൽ ചിറയിൽ അബ്ദുൾ അസീസിന്റെ മകൻ അനീസാണ് (45) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ ഇരുവരും ഏതാനും ദിവസംമുമ്പ് ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിടെ തർക്കമുണ്ടായി. ഇതിൽ വൈരാഗ്യം തോന്നിയ അനീസ് പ്ലാറ്റ്ഫോമിലെ ബഞ്ചിൽ കിടന്നുറങ്ങുമ്പോൾ രാധാകൃഷ്ണനെ ചവിട്ടി നിലത്തിട്ടു. വീണ്ടും ചവിട്ടിയപ്പോൾ ബാഗിലുണ്ടായിരുന്ന ചെറിയ കത്തിയെടുത്ത് അനീസിനെ കുത്തുകയായിരുന്നു എന്നാണ് പ്രതിയുടെ മൊഴി.
അനീസ് ചോരവാർന്ന് കിടക്കുന്നത് കണ്ട ശുചീകരണ തൊഴിലാളിയാണ് വിവരം റെയിൽവേ പൊലീസിൽ അറിയിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു. പ്ലാറ്റ് ഫോമിൽ സ്ഥിരമായി തമ്പടിച്ചിരിക്കുന്ന മാഹിനാണ് തന്നെ കുത്തിയതെന്ന് അനീസ് പറഞ്ഞിരുന്നു.
ഇടയ്ക്കിടെ മാഹിയിൽ പോയി മദ്യം കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനാലാണ് രാധാകൃഷ്ണന് മാഹിൻ എന്ന വിളിപ്പേര് വീണത്. വർഷങ്ങൾക്ക് മുമ്പേ വീടുവിട്ടിറങ്ങിയ ഇയാൾ കൊല്ലം റെയിൽവേ സ്റ്റേഷനിലും പരിസരത്തുമായാണ് കഴിഞ്ഞിരുന്നത്.