കരുനാഗപ്പള്ളി : വേദാന്ത പണ്ഡിതനും ആട്ടക്കഥാ രചയിതാവുമായിരുന്ന പന്നിശ്ശേരി നാണുപിള്ളയുടെ സ്മരണാർത്ഥം മരുതൂർകുളങ്ങര പന്നിശ്ശേരി നാണുപിള്ള സ്മാരക കഥകളി ക്ലബ്ബ് ഏർപ്പെടുത്തിയ തൗര്യത്രികം പുരസ്കാരം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താന് കൈമാറി.
മരുതൂർകുളങ്ങര പന്നിശ്ശേരി സമാധി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കേരളാ കലാമണ്ഡലം ഭരണസമിതി അംഗം കെ ബി രാജാനന്ദ് പുരസ്കാരം സമ്മാനിച്ചു. 11,111 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.കഥകളി സാഹിത്യ രംഗത്തെ കൃതികൾക്ക് നൽകിവരുന്ന പന്നിശ്ശേരി ശ്രീനി വാസക്കുറുപ്പിന്റെ പേരിലുള്ള ‘ഗീതസാരസ്വതം’ പുരസ്കാരം ഡോ ഏവൂർ മോഹൻദാസിനും കഥകളിയുടെ അണിയറ പ്രവർത്തകർക്ക് നൽകി വരുന്ന കലാനിലയം രാമകൃഷ്ണൻ നായരുടെ പേരിലുള്ള ”വർണമുഖി’ പുരസ്കാരം മുകുന്ദപുരം തുളസിയ്ക്കും വാദ്യകലാകാരന്മാർക്ക് നൽകിവരുന്ന പന്നിശ്ശേരി ഗണേശകുമാരൻ നായരുടെ പേരിലുള്ള ‘വാദനശ്രീ’ പുരസ്കാരം കലാമണ്ഡലം രാധാക്യഷ്ണനും യുവ പ്രതിഭകൾക്ക് നൽകിവരുന്ന അന്തരിച്ച ചവറ മുൻ എംഎൽഎ എൻ വിജയൻപിള്ളയുടെ പേരിലുള്ള ‘രംഗമുദ്ര’ പുരസ്കാരം കലാമണ്ഡലം വിശാഖിനും നൽകി.
സി ആർ മഹേഷ് എംഎൽഎ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അനന്ത പത്മനാഭൻ, മുൻ എംഎൽഎ ആർ രാമചന്ദ്രൻ, ഡോ സുജിത്ത് വിജയൻപിള്ള എംഎൽഎ, ഡോ കണ്ണൻ കന്നേറ്റി തുടങ്ങിയവർ വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു.പന്നിശ്ശേരി നാണുപിള്ള കഥകളി ക്ലബ്ബ് പ്രസിഡന്റ് ചിറയ്ക്കൽ ശ്രീഹരി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി കുരുമ്പോലിൽ ശ്രീകുമാർ, ജൂറി അംഗം രാജൻ മണപ്പള്ളി, മനോജ് മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.