ശാസ്താംകോട്ട:തൂശനിലയിൽ തിരുവോണസദ്യയുണ്ട് ശാസ്താംകോട്ടയിലെ ക്ഷേത്ര കുരങ്ങുകൾ.മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇക്കുറി കശുവണ്ടിപ്പരിപ്പും വിളമ്പിയിരുന്നു.വാനരന്മാർ ഏറെ ആസ്വദിച്ച് കഴിച്ചതും കശുവണ്ടിപ്പരിപ്പ് തന്നെ.കശുവണ്ടിപ്പരിപ്പ് വാരിയെറിയാനൊന്നും ആരും മിനക്കെട്ടില്ല.ഉത്രാടദിനത്തിൽ തൂശനിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ സദ്യയുണ്ടാണ് ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ
വാനരപ്പടയുടെ ഓണാഘോഷത്തിന് തുടക്കം കുറിച്ചത്.ധർമ്മശാസ്താവിന്റെ തോഴന്മാരായ വാനരന്മാർക്കായി കുത്തരിച്ചോറും പരിപ്പും പപ്പടവും പച്ചടിയും കിച്ചടിയും അവിയലും തോരനും കാളനും ഓലനും അടക്കമുള്ള വിഭവങ്ങൾ രാവിലെ 10 ഓടെ തൂശനിലയിൽ നിരന്നു.വാനര ഭോജനശാലയിൽ വിഭവങ്ങൾ വിളമ്പിയശേഷം എല്ലാവരെയും അവിടേക്ക് ക്ഷണിച്ചു.കൂട്ടത്തിലെ മൂപ്പന്മാർ എത്തി സദ്യ രുചിച്ചു നോക്കി,കുഴപ്പമില്ലെന്ന് തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാമാണ് അവർ സദ്യയുണ്ടത്.കശുവണ്ടിപ്പരിപ്പിനൊപ്പം
പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്.
വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ നിരവധി ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു. വാനരസേനക്ക് നിത്യാന്നദാനത്തിന ദേവസ്വവുമായി ചേർന്ന് സഞ്ചിത നിധി നിക്ഷേപം നടത്തിയ വിദേശ വ്യവസായി മനക്കര കന്നിമേലഴികത്ത് ബാലചന്ദ്രൻ പിള്ളയുടെ വകയായിട്ടാണ് തിരുവോണ സദ്യ ഒരുക്കിയത്.