ശൂരനാട് വടക്ക് പുലിക്കുളത്ത്തിരുവോണ ദിവസം പോലീസിനു നേരെ ആക്രമണം:എസ്.ഐക്കും രണ്ട് പോലീസുകാർക്കും പരിക്ക്;നാല് യുവാക്കൾ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട . ശൂരനാട് വടക്ക് പുലിക്കുളത്ത് തിരുവോണ പുലർച്ചെ എസ്.ഐ അടക്കമുള്ള പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ നാല് യുവാക്കൾ അറസ്റ്റിൽ.പുലിക്കുളം സ്വദേശികളായ നിധിൻ മോഹൻ,ലിതിൻ മോഹൻ, മനോജ്,ശ്യാംകുമാർ എന്നിവരാണ് പിടിയിലായത്.ഇവർ ഉൾപ്പെടെ 15 പേർക്കെതിരെയാണ് കേസ്സ് എടുത്തിരിക്കുന്നത്.മറ്റുള്ളവർ ഒളിവിലാണ്.കോടതിയിൽ ഹാജരാക്കിയ ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.ശൂരനാട് എസ്.ഐ ദീപു പിള്ള,സിപിഒമാരായ വിനയൻ,കിഷോർ എന്നിവർക്കാണ് മർദ്ദനമേറ്റത്.മർദ്ദനത്തിൽ പരിക്കേറ്റ എസ്.ഐ
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.തിരുവോണ ദിവസം പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.പുലിക്കുളത്തെ ക്ലബ്ബിൽ തിരുവോണ ദിവസം ഓണാഘോഷ പരിപാടികൾ നടത്തുന്നതിന് വേണ്ടി തലേ ദിവസം തന്നെ മൈക്ക് അടക്കമുള്ളവ പ്രവർത്തിപ്പിക്കുകയുണ്ടായി.അർദ്ധരാത്രിയിലും അനിയന്ത്രിത ശബ്ദത്തിൽ മൈക്ക് പ്രവർത്തിപ്പിച്ച് യുവാക്കൾ ബഹളം തുടർന്നതോടെ പ്രദേശവാസികൾ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.തുടർന്നാണ് ശൂരനാട് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയും രണ്ട് പോലീസുകാരും സ്ഥലത്ത് എത്തിയത്.വിവരം തിരക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി പോലീസിനെ വളഞ്ഞു വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.പിന്നീട് സി.ഐയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തിയാണ് എസ്.ഐ അടക്കമുള്ളവരെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.

Advertisement