ശൂരനാട്: തിരുവോണ ദിവസം പുലർച്ചെ ശൂരനാട് വടക്ക് പുലിക്കുളത്ത് പട്ടികജാതി കോളനിയിൽ അക്രമം നടത്തിയത് പോലീസാണെന്ന് ആരോപണം. സംഭവം സംബന്ധിച്ച്
മുഖ്യമന്ത്രി,ചീഫ് സെക്രട്ടറി,ഡിജിപി, ജില്ലാ കളക്ടർ,ഡെപ്യൂട്ടി കളക്ടർ,
റൂറൽ എസ്.പി എന്നിവർക്ക്
സിവിൽ റൈറ്റ്സ് ആന്റ്
സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി
പരാതി നൽകി. പുലിക്കുളം പട്ടികജാതി സങ്കേതം കോളനിയിലെ വലിയതറ ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ മൈക്ക് പ്രവർത്തിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പോലീസ് അതിക്രമത്തിൽ കലാശിച്ചത്.29 ന് പുലർച്ചെ 1.15 നും 2 നും ഇടയിലാണ് സംഭവം. നിരപരാധികളെയാണ് മർദ്ദിച്ചത്.
രാത്രിയിൽ മൈക്ക്
പ്രവർത്തിപ്പിക്കുന്നതായി പരിസരവാസികൾ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ശൂരനാട് എസ്.ഐ ദീപു പിള്ള,സിപിഒ മാരായ കിഷോർ,വിനയൻ എന്നിവരുടെ നേതൃത്വത്തിൽ കോളനി നിവാസികളെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.പ്രദേശത്തേക്ക് അമിത വേഗതയിലെത്തിയ പോലീസ് വാഹനം ഒരാളെയും കുട്ടിയെയും ഇടിച്ചിട്ടതാണ് സംഘർഷമായത്. ജീപ്പ് റോഡിലെ ഗട്ടറിൽ വലിയ ശബ്ദത്തോടെ വീഴുകയും ഈ സമയം ഇതുവഴിയെത്തിയ കുട്ടിക്കും പിതാവിനും പരിക്കേൽക്കുകയും ചെയ്തു വെന്നും പറയുന്നു. ബഹളം കേട്ട് ജനം കൂടിയപ്പോഴാണ് പോലീസ് അക്രമാസക്തമായത്.സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർക്ക് പോലീസിന്റെ അതിക്രമത്തിൽ പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ചലച്ചിത്ര സംവിധായകൻ കൂടിയായ ആർ.എസ് രാജീവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയ്യാൾ മൂത്ര തടസ്സം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നു.തിരുവോണ ദിവസം പോലീസ് കോളനിയിലെ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പരാതിയുണ്ട്.പെൺകുട്ടികൾ അടക്കമുള്ളവരുടെ കയ്യിൽ കയറി പിടിച്ചതായും കേട്ടാലറയ്ക്കുന്ന തരത്തിൽ തെറി വിളിച്ചതായും ഫോണുകൾ തട്ടിയെടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.അറസ്റ്റിലായവർക്ക് ഉടൻ തന്നെ കോടതി ജാമ്യം അനുവദിച്ചതും പോലീസിന്റെ ക്രൂരത വെളിപ്പെട്ടതു കൊണ്ടാണ്.കോളനിക്കാർ പോലീസിനെ ആക്രമിച്ചുവെന്നത് കെട്ടുകഥയാണെന്നും പോലീസിനെതിരെ ശക്തമായി നടപടി ഉണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.