കരുനാഗപ്പള്ളി.യുവാവിനെ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നാല് പ്രതികള്‍ പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, മരങ്ങാട്ട്മുക്ക്, സായികൃപയില്‍, ഷാല്‍(38), കോഴിക്കോട്, മാലിയില്‍ പടീറ്റതില്‍ പ്രസാദ്(35), ചവറ, കുളങ്ങരഭാഗം, എന്‍.എന്‍ മന്‍സിലില്‍, ഷാനവാസ്(41), അയണിവേലിക്കുളങ്ങര, കോഴിക്കോട്, ആശിക്ക് മന്‍സിലില്‍, ആശിക്ക്(25) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.
കരുനാഗപ്പള്ളി, കോഴിക്കോട്, എസ്.വി മാര്‍ക്കറ്റ് പുഷ്പാലയത്തില്‍ രാംരാജിനെയാണ് പ്രതികള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കില്‍ പോയപ്പോള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നസീര്‍ ബൈക്കില്‍ പുറകെ വന്ന് നിരന്തരം ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ട് സുമേഷും നസീറും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതില്‍ രാംരാജ് സുമേഷിന്റെ പക്ഷം ചേര്‍ന്ന് സംസാരിച്ചതിലുള്ള വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.
ഈ വിരോധത്തില്‍ തിരുവോണ ദിവസം അതിരാവിലെ സുഹൃത്തിനൊപ്പം റോഡില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രാംരാജിനെ പത്തോളം പേരടങ്ങുന്ന അക്രമി സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തലയിലും, കൈയ്യിലും, തോളിലും വെട്ട്കൊണ്ട് തറയില്‍വീണ രാംരാജിനെ പ്രതികള്‍ ചേര്‍ന്ന് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു. മാരകമായി പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാംരാജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് നല്കിയ പരാതിയില്‍ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം നടന്ന് വരികയാണ്. കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐ ഷമീര്‍, സന്തോഷ്, എസ്.സി.പി.ഓ രാജീവ് കുമാര്‍, സിപിഓ ഹാഷിം, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.