പെട്രോളിങ്ങ് സംഘത്തിന്‍റെ ജാഗ്രത;വന്‍ ബൈക്ക് മോഷണ സംഘം പിടിയില്‍

Advertisement

നാല്‍പ്പതോളം ഇരുചക്ര വാഹനങ്ങള്‍ മോഷണം നടത്തിയതായി പ്രതികളുടെ കുറ്റസമ്മതം
കൊല്ലം. ഇരുചക്രവാഹനങ്ങള്‍ മോഷണം നടത്തി വന്ന വന്‍ മോഷണ സംഘം കൊല്ലം വെസ്റ്റ് പോലീസ് പെട്രോളിങ്ങ് സംഘത്തിന്‍റെ പിടിയിലായി. കാവനാട് , കന്നിമേല്‍ച്ചേരി, തേവരപറമ്പില്‍ അനന്തകൃഷ്ണന്‍(24), കുരീപ്പുഴ, സുപ്പീരിയര്‍ നഗര്‍ 47 ല്‍, സിയോണ്‍ വില്ലയില്‍ റോണി(24), ആശ്രാമം, വെളിക്കുളങ്ങര മിഷന്‍ കോമ്പൗണ്ടില്‍ മുന്ന എന്ന റോബിന്‍(27), കൊല്ലം ഓലയില്‍ പൗണ്ട് പുരയിടം കുരിശിങ്കല്‍ ഹൗസില്‍ നിന്നും ആനന്ദവല്ലീശ്വരം, ആനന്ദീശ്വരം നഗര്‍ 108 ല്‍ താമസിക്കുന്ന ഡെനി ജോര്‍ജ്ജ്(31) എന്നിവരാണ് വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ രാത്രി പെട്രോളിങ്ങ് ഡ്യൂട്ടി ചെയ്യ്തു വന്ന കൊല്ലം വെസ്റ്റ് പോലീസ് സംഘം കൊല്ലം ഹൈസ്ക്കൂള്‍ ജംഗ്ഷന് അടുത്തുള്ള കാനറാ ബാങ്കിന് സമീപം എത്തിപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ അനന്തകൃഷ്ണനേയും റോണിയേയും കാണാന്‍ ഇടയായി. വിവരങ്ങള്‍ തിരക്കിയപ്പോള്‍ ബൈക്കിന്‍റെ പെട്രോള്‍ തീര്‍ന്ന് വിക്ടോറിയ ആശുപത്രിക്ക് സമീപം ഇരിക്കുകയാണെന്നും പെട്രോള്‍ വാങ്ങാന്‍ പോവുകയാണ് എന്നുമാണ് പറഞ്ഞത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നി പരിശോധന നടത്തിയപ്പോള്‍ ഇവര്‍ക്ക് സമീപത്തായി മറ്റോരു ബൈക്ക്, താക്കോല്‍ അതില്‍ തന്നെ ഉള്ള നിലയില്‍ കണ്ടെത്തി. എന്നാല്‍ അത് തങ്ങളുടേതല്ല എന്നാണ് ഇവര്‍ പോലീസ് സംഘത്തോട് പറഞ്ഞത്. തുടര്‍ന്ന് സംശയം ബലപ്പെട്ട പോലീസ് സംഘം വിശദമായി പരിശോധന നടത്തിയപ്പോള്‍ നിരവധി ഇരുചക്രവാഹനങ്ങളുടെ താക്കോല്‍ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുക്കുകയും തുടര്‍ന്ന് യുവാക്കളുമായി വിക്ടോറിയ ആശുപത്രിക്ക് സമീപം എത്തി പരിശോധന നടത്തിയപ്പോള്‍ ഇവര്‍ പറഞ്ഞ ബൈക്കില്‍ പെട്രോള്‍ ഉള്ളതായും കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് ഇവര്‍ പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ട പോലീസ് സംഘം ഈ വാഹനങ്ങള്‍ എല്ലാം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി പരിശോധിച്ചപ്പോഴാണ് ഇവയെല്ലാം കൊല്ലം വെസ്റ്റ്, ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യ്ത വാഹന മോഷണ കേസുകളിലെ മോഷണ മുതലുകളാണെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൊല്ലം ഈസ്റ്റ്, ചാത്തന്നൂര്‍, കിളികൊല്ലൂര്‍, അഞ്ചാലുംമൂട്, ചവറ, വര്‍ക്കല, കായംകുളം എന്നീ പോലീസ് സ്റ്റേഷന്‍ പരിധിയിലായി നാല്‍പ്പതിലധികം വാഹനങ്ങള്‍ ഇവര്‍ മോഷണം നടത്തിയിട്ടുള്ളതായി സമ്മതിച്ചിട്ടുണ്ട്. ഈ പോലീസ് സ്റ്റേഷനുകളില്‍ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടന്ന് വരവെയാണ് മോഷ്ടാക്കള്‍ വെസ്റ്റ് പോലീസ് സംഘത്തിന്‍റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തന ഫലമായി പിടിയിലാവുന്നത്.
മോഷ്ടിച്ചെടുത്ത ഇരുചക്ര വാഹനം വിക്ടോറിയ ആശുപത്രിക്ക് സമീപം വച്ച ശേഷം മോഷണ മുതലായ മറ്റൊരു ബൈക്കില്‍ കാനറാ ബാങ്കിന് സമീപത്ത് എത്തി മറ്റൊരു വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പോലീസ് സംഘത്തിന്‍റെ കൈയ്യില്‍ അകപ്പെടുന്നത്. അനന്തകൃഷ്ണനും, റോണിയും ചേര്‍ന്ന് മോഷ്ടിച്ചെടുക്കുന്ന ഇരുചക്രവാഹനങ്ങള്‍ റോബിന്‍റേയും ഡെനി ജോര്‍ജ്ജിന്‍റേയും വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് പൊളിച്ച് സ്പെയര്‍ പാര്‍ട്സുകളാക്കി അവ മറ്റ് വാഹനങ്ങളില്‍ ഘടിപ്പിച്ച് വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്‍റെ രീതി. കുറേ അധികം വാഹനങ്ങള്‍ ഇത്തരത്തില്‍ പൊളിച്ച് വില്‍പ്പന നടത്തിയതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കൊല്ലം എ.സി.പി പ്രദീപ് കുമാറിന്‍റെ നിര്‍ദ്ദേശപ്രകാരം കൊല്ലം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഷെഫീഖിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഓമനക്കുട്ടന്‍, ജയലാല്‍, എ.എസ്.ഐ ബീന, ജാന്‍സി, എസ്.സി.പി.ഓ വിനു വിജയന്‍, ഫെര്‍ഡിനാന്‍റ്, സി.പി.ഓ മാരായ ഷെമീര്‍, ദീപുദാസ്, അനില്‍, രാജീവ്, സുരേഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement