കരുനാഗപ്പള്ളി: ശ്രീനാരായണ ട്രോഫിയ്ക്കു വേണ്ടിയുള്ള പള്ളിക്കലാറില്‍ നടന്ന കന്നേറ്റി വള്ളംകളിയിൽ വിജയികളായ ടീമുകള്‍ക്ക് സമ്മാനം വിതരണം ചെയ്തു.
ഒന്നാം സ്ഥാനം കാട്ടിൽ തെക്കതിൽ ചുണ്ടനും രണ്ടാം സ്ഥാനം നടുവിലപറമ്പിൽ ചുണ്ടനും മൂന്നാം സ്ഥാനം സെന്റ് പയസ് ചുണ്ടനും ലഭിച്ചു. സി ആർ മഹേഷ് എംഎൽഎ ആണ് വിജയികൾക്ക് ട്രോഫി നൽകിയത്. കേരളത്തിലെ പ്രമുഖമായ ചുണ്ടൻ, വെപ്പ്, തെക്കനോടി വള്ളങ്ങളും, ഫ്‌ളോട്ടുകളും ജലമേളയില്‍ പങ്കെടുത്തു. മന്ത്രി ജെ. ചിഞ്ചുറാണിയാണ് ജലോത്സവം ഉദ്ഘാടനം ചെയ്തത്. ജലോത്സവകമ്മിറ്റി ചെയര്‍മാൻ സി. ആര്‍ .മഹേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജനറല്‍ ക്യാപ്ടൻ എസ്.പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ ജലഘോഷയാത്ര നടന്നു. മൂന്നു ട്രാക്കുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഒന്നാം സ്ഥാനം നേടുന്ന ചുണ്ടൻ വള്ളങ്ങള്‍ക്ക് 2 ലക്ഷം രൂപയും 1,25,000 രൂപ ബോണസും ലഭിച്ചു. വെപ്പ് വിഭാഗത്തില്‍ 95,000 രൂപ ബോണസും 25,000 രൂപയും ലഭിച്ചു. തെക്കൻ ഓടി വിഭാഗത്തില്‍ 65,000 രൂപ ബോണസും 20,000 രൂപയും ഒന്നാം സ്ഥാനക്കാര്‍ക്ക് ലഭിച്ചു.