ഫ്രൂട്ടി കുപ്പികളിൽ നിറച്ച് സ്കൂട്ടറിൽ കൊണ്ടു നടന്ന് വ്യാജമദ്യ വില്പന;പടിഞ്ഞാറെ കല്ലട കണത്താർകുന്നത്ത് ഒരാൾ പിടിയിൽ

Advertisement

ശാസ്താംകോട്ട:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈഡേയിൽ ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് പാർട്ടി പടിഞ്ഞാറെ കല്ലടയിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വ്യാജ മദ്യവുമായി കണത്താർകുന്നം നന്ദു ഭവനത്തിൽ ഉദയൻ (49) പിടിയിലായി.വ്യാജ മദ്യം ചെറിയ ഫ്രൂട്ടി കുപ്പികളിൽ നിറച്ച ശേഷം ആവശ്യക്കാർക്ക് സ്കൂട്ടറിൽ കൊണ്ടുനടന്ന് വില്പന നടത്തുകയായിരുന്നു.ഇതിനായി ഉപയോഗിച്ച സ്കൂട്ടറും ഇയാളിൽ നിന്ന് എക്‌സൈസ് പിടിച്ചെടുത്തു ചതയ ദിനവും ഡ്രൈ ഡേയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാൽ ഈ ദിവസങ്ങളിൽ മദ്യത്തിന് ആവശ്യക്കാർ ഏറെയായിരുന്നു ഈ സാഹചര്യത്തിൽ കൂടിയ വിലയിൽ മദ്യം വിൽക്കാനാകും.ഇയാളിൽ നിന്ന് പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടത്തെ കുറിച്ച് തുടരന്വേഷണം നടത്തുമെന്ന് റേഞ്ച് ഇൻസ്‌പെക്ടർ അജയകുമാർ പറഞ്ഞു.പിടികൂടിയ മദ്യത്തിൽ സർക്കാർ അംഗീകൃത ലേബലുകളോ ഹോളോഗ്രാം സ്റ്റിക്കറോ ഉണ്ടായിരുന്നില്ല.ഇതിനാൽ പിടിച്ചെടുത്ത മദ്യത്തിന്റെ സാമ്പിൾ വിശദമായ രാസപരിശോധനക്കായി തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.ഉദയൻ ഇതിന് മുൻപും സമാനമായ കേസിൽ അറസ്റ്റിലായിട്ടുണ്ട്.അറസ്റ്റിലായ പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പടിഞ്ഞാറെ കല്ലട കേന്ദ്രീകരിച്ച് വ്യാജമദ്യവിൽപ്പനക്കാർ ഏറിവരുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതി ഉയർന്നിരുന്നു.ഈ ഭാഗങ്ങളിൽ തുടർന്നും നിരീക്ഷണം നടത്തുമെന്നും ഇതിനായി റേഞ്ച് ഇൻസ്‌പെക്ടറുടെ മേൽനോട്ടത്തിൽ ഒരു ഷാഡോ സംഘത്തിന് രൂപം നൽകിയെന്നും ഇൻസ്‌പെക്ടർ അറിയിച്ചു.റെയ്‌ഡിൽ റേഞ്ച് ഇൻസ്‌പെക്ടർ എൻ.ജി അജയകുമാർ,പ്രിവന്റീവ് ഓഫീസർ എസ്.ഉണ്ണികൃഷ്ണപിള്ള,സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.അനീഷ് കുമാർ,കെ.പ്രസാദ്,എസ്.സുധീഷ്,
വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ലക്ഷ്മി ചന്ദ്രൻ, എക്‌സൈസ് ഡ്രൈവർ വിനീഷ് എന്നിവർ പങ്കെടുത്തു.

പൊതുജനങ്ങൾക്ക് മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ വില്പന,ഉപയോഗം എന്നിവ സംബന്ധിച്ച വിവരങ്ങൾ 0476-2833470 എന്ന നമ്പരിൽ അറിയിക്കാവുന്നതാണ്

Advertisement