കരുനാഗപ്പള്ളി . ഡ്രൈ ഡേ ദിനത്തിൽ കരുനാഗപ്പള്ളിയിൽ മദ്യ വിൽപ്പന നടത്തിയതിന് രണ്ട് കേസുകളിലായി 77.5 ലിറ്റർ വിദേശ മദ്യം കൊല്ലം സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി.കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന് ഇന്റെലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ മനു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ കെ ജി രഘുവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.
ക്ലാപ്പന പട്ടശ്ശേരിമുക്കിനടുത്ത് നിന്നും ചെളിയിൽ പൂഴ്ത്തിയ നിലയിൽ വിൽപനക്കായി തോട്ടിൽ സൂക്ഷിച്ചു വച്ച 65 ലിറ്റർ വിദേശ മദ്യമാണ് കണ്ടെത്തിയത്. തുടർന്ന് നടന്ന റെയ്‌ഡിൽ കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവൻ്റീവ് ഓഫീസർ ജെ ആർ പ്രസാദ്കുമാറിൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി റേഞ്ച് പരിധിയിൽ നടത്തിയ റെയ്ഡിൽ ക്ലാപ്പന, പ്രയാർ തെക്കുംമുറിയിൽ കന്നേൽപുതുവേൽ വീട്ടിൽ ചുക്ക് എന്ന് വിളിക്കുന്ന ഷാജി (52 )യെ 12.5 ലിറ്റർ വിദേശ മദ്യം വിൽപ്പന നടത്തിയ കുറ്റത്തിന് അബ്കാരി കേസ് രജിസ്റ്റർ ചെയ്തു.വിദേശ മദ്യം തോട്ടിൽ സൂക്ഷിച്ചു വച്ച ആളെ കുറിച്ച് വിശദമായി അന്വേഷണം നടന്നു വരുകയാണെന്ന് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വി റോബർട്ട് അറിയിച്ചു.റെയ്‌ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, ശ്രീനാഥ് , ജൂലിയൻ ക്രൂസ് , വർഷ, ഡ്രൈവർ സുബാഷ് എന്നിവർ പങ്കെടുത്തു.