ആവേശം വിതച്ച് അഖില കേരള തിരുവാതിരകളി മത്സരം

യാഫ്ന കലാസാംസ്കാരിക സംഘടന സംഘടിപ്പിച്ച തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ശിവപാർവ്വതി തിരുവാതിര സംഘത്തിൻ്റെ അവതരണം
Advertisement

കരുനാഗപ്പള്ളി . പാട്ടിനും താളത്തിനും ഒപ്പം മലയാളമങ്കമാർ ചുവടു വച്ചപ്പോൾ പ്രേക്ഷകരായെത്തിയ നൂറുകണക്കിന് ആളുകൾക്ക് അത് ആവേശക്കാഴ്ചയായി മാറി. വവ്വാക്കാവ് യാഫ്ന സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖില കേരള തിരുവാതിര കളി മത്സരം അവതരണത്തിലെ പുതുമകൾ കൊണ്ട് കാണികൾക്ക് വേറിട്ട വിരുന്നൊരുക്കി. വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിച്ച തിരുവാതിര കളി മത്സരത്തിൽ കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നുമുള്ള കളി സംഘങ്ങൾ പങ്കെടുത്തു.

അരലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. രാത്രി വളരെ വൈകി അവസാനിച്ച തിരുവാതിര കളി മത്സരത്തിൽ കണ്ണൂരിൽ നിന്ന് എത്തിയ ശിവപാർവതി തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി അമ്പതിനായിരം രൂപ ക്യാഷ് അവാർഡും യാഫ്ന നൽകുന്ന ട്രോഫിയും ഇവർ ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം തൃപ്പൂണിത്തറ പാർവണേന്ദു തിരുവാതിര സംഘം നേടി. ഇവർക്ക് 20,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു. മണപ്പള്ളി ദശപുഷ്പം തിരുവാതിര സംഘത്തിനായിരുന്നു മൂന്നാം സ്ഥാനം. 10000 രൂപയും ട്രോഫിയും ഇവർക്ക് ലഭിച്ചു. കൂടാതെ മികച്ച ഗാന അവതരണത്തിന് മണപ്പള്ളി ദശപുഷ്പം തിരുവാതിര സംഘവും മികച്ച വേഷവിധാനത്തിന് ചെങ്ങന്നൂർ ബാലഭദ്ര തിരുവാതിര സംഘവും, വിദ്യാർത്ഥികളുടെ വിഭാഗത്തിൽ കൊല്ലം എസ് എൻ കോളേജ് തിരുവാതിര സംഘവും സമ്മാനങ്ങൾ നേടി. വിജയികൾക്ക് സംഘടനയുടെ പ്രസിഡൻ്റ് അനിൽകുറുപ്പ് സെക്രട്ടറി ഉണ്ണി വട്ടത്തറ എന്നിവരുടെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.സംഘടനയുടെ 47-ാം വാർഷികത്തോടനുബന്ധിച്ചു നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് “തിരു ആവണി ” എന്ന പേരിൽ തിരുവാതിര മത്സരം സംഘടിപ്പിച്ചത്.

Advertisement