ഇന്ന് നിര്യാതനായ റേഷനിംഗ് ഇൻസ്പക്ടറും കവിയുമായ ആയ കെ.എസ്.മുഖേഷ് കുമാറിന്‍റെ കവിതാ വഴിയെപ്പറ്റി 2021 മേയ് 20ന് സെയ്ഫ് ചക്കുവള്ളി ന്യൂസ് അറ്റ് നെറ്റില്‍ എഴുതിയ ലേഖനം
ഒരുവൻ്റെ ജീവിതത്തിൽ ചുറ്റും വന്നലയ്ക്കുന്ന ശബ്ദവീചികൾ എത്രമേൽ വിലപ്പെട്ടതാണെന്ന് അവൻ അറിയുക അവ നിലയ്ക്കുമ്പോഴാണ്. ശബ്ദത്തോളം മധുരതരമായ മറ്റൊന്നും ഇല്ലാത്ത ഈ ലോകത്ത് ശബ്ദ സാന്നിധ്യമില്ലാതെ ജീവിക്കുന്ന ഒരാൾ നിരന്തരം കവിതകൾ എഴുതുക, അവയൊക്കെയും ഒരു സമാഹാരമാക്കുക, ആ കവിതകളിലൂടെ കേഴ് വി പരിമിതിയുടെ സീമകൾക്കുമപ്പുറത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുക തുടങ്ങിയവ തീർച്ചയായും സാഹസം തന്നെയാണ് , ഒരു സാധാരണക്കാരന്.
എന്നാൽ പ്രതിഭയുടെ വിരൽസ്പർശമേറ്റ ജീവിതത്തിനാവട്ടെ അത് അയത്നലളിതമായൊരു ദിനചര്യയും.
ആമുഖമായി ഇത്രയും കുറിച്ചത് കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീസിൽ റേഷനിംഗ് ഇൻസ്പക്ടർ ആയി ജോലി നോക്കുന്ന കെ.എസ്.മുഖേഷ് കുമാർ എന്ന കവിയെക്കുറിച്ച്, അദ്ദേഹത്തിൻ്റെ കവിതകളെപ്പറ്റി പറയാൻ വേണ്ടിയാണ്. കാൽപനിക ഭാവങ്ങളും മനോഹരമായ ബിംബകൽപനകളും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷാനിർഭരമായ കഴ്ചപ്പാടുകളും നെറികേടുകളോടുള്ള പരിഭവപ്പെടലുകളുമുള്ള കവിതകളെ പദാനുപദം പഠനവിധേയമാക്കുക ഈ കുറിപ്പിൻ്റെ ലക്ഷ്യമല്ല
പതിനഞ്ചാം വയസ്സിൽ ബാധിച്ച കടുത്ത പനിയാണ് മുഖേഷ് കുമാറിൻ്റെ കേഴ് വി ശക്തി അപഹരിച്ചത്. പനിക്കിടക്കയിൽ നിന്ന് എഴുന്നേറ്റ ആ പത്താംതരം വിദ്യാർത്ഥിയുടെ ചുറ്റും ഘന നിശബ്ദത തളം കെട്ടി നിന്നു. സംസാരത്തിലും അതിൻ്റേതായ മാറ്റങ്ങൾ വന്നു. ശബ്ദവും ഭാഷയും തീർത്ത വെല്ലുവിളികളെ മനക്കരുത്ത് കൊണ്ട് നേരിട്ട് ബിരുദാനന്തര ബിരുദം വരെ പഠിച്ചു. പരിമിതിയെ സാധ്യതയായി പ്രയോജനപ്പെടുത്തിയ ആ നെഞ്ചൂക്കിൻ്റെ ഫലശ്രുതിയാണ് ‘ കാലം പറയാൻ ബാക്കി വച്ചത് ‘ എന്ന കവിതാസമാഹാരം.
ഉൾക്കാമ്പും തടക്കനവുമുള്ള 48 കവിതകളാണ് ‘സരയു ബുക്സ് ‘ പ്രസാധനം ചെയ്ത സമാഹാരത്തിലുള്ളത്. ശബ്ദങ്ങൾ അന്യമായ ഒരാൾക്കെങ്ങനെ ചുറ്റുപാടുകളോട് ഇത്രമേൽ മനോഹരമായി സംവേദിക്കാൻ കഴിയുമെന്ന ചിന്ത കവിയെ അറിയുന്ന വായനക്കാരനിൽ ഉയരും. കവിയെ അറിയാത്തവരിലാവട്ടെ, ആ വായന അഭൗമമായ ഒരനുഭൂതിയായി നിറയും.
. പത്രപ്രവര്‍ത്തകനായ സെയ്ഫ് ചക്കുവള്ളി പിഎസ് സി അംഗമാണ്