തൊഴിലാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവം; കേസെടുത്ത് തെന്മല പോലീസ്

Advertisement

പുനലൂര്‍: തൊഴിലാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് തെന്മല പോലീസ്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂലിപ്പണിക്ക് വന്ന തൊഴിലാളിയെ ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചുവരുത്തി മര്‍ദിച്ചു എന്ന പരാതിയിലാണ് തെന്മല സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കൃഷ്ണകുമാറിനെതിരേ തെന്മല പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. തെന്മല റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചുവരുന്ന ജനാര്‍ദ്ദന വിലാസത്തില്‍ ജനാര്‍ദ്ദനന്‍ ആണ് മര്‍ദനമേറ്റതായി പരാതി നല്‍കിയത്. ജനാര്‍ദ്ദനന്‍ ജോലിക്ക് പോയ ഭൂ ഉടമയും വനംവകുദ്യോഗസ്ഥരും തമ്മില്‍ റബ്ബര്‍ മരം മുറിച്ചതിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രതികാര നടപടിയായാണ് ഇവിടെ നിന്നിരുന്ന പ്ലാവ് മരങ്ങളുടെ ചില്ലകള്‍ മുറിക്കാന്‍ എത്തിയ ജനാര്‍ദ്ദനന്റെ വീട്ടില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തുകയും ജനാര്‍ദ്ദനന്‍ ഇല്ലാത്തതിനാല്‍ ഭാര്യയും മക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ജനാര്‍ദ്ദനന്റെ വീട്ടില്‍ നിന്ന് ഫോണ്‍ ഉള്‍പ്പെടെയുള്ളവ എടുത്തോണ്ട് പോകുകയും പിന്നീട് സ്റ്റേഷനില്‍ എത്തിയ ജനാര്‍ദ്ദനനെ യാതൊരു പ്രകോപനവും ഇല്ലാതെ മര്‍ദിക്കുകയായിരുന്നു എന്നാണ് ആരോപണം. മര്‍ദനത്തെ തുടര്‍ന്ന് ജനാര്‍ദനന്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും തെന്മല പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് വിവിധ വകുപ്പുകള്‍ പ്രകാരം കൃഷ്ണകുമാറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Advertisement