മയക്ക് മരുന്ന് വ്യാപാരത്തിലൂടെ അനധികൃതമായി
സമ്പാദിക്കുന്ന സ്വത്തു വകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന നിയമം
കരുനാഗപ്പള്ളി.എന്‍.ഡി.പി.എസ് നിയമത്തിലെ നിരോധിത മയക്ക്മരുന്ന് കടത്തല്‍ തടയല്‍ വകുപ്പ് പ്രകാരം അനധികൃതമായി മയക്കുമരുന്ന് കടത്തിയ കേസില്‍ ഉള്‍പ്പെട്ട് പിടിയിലായ പ്രതിയെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി. ശൂരനാട്, കിടങ്ങയം നോര്‍ത്ത്, ചെളിയില്‍ തറയില്‍ വീട്ടില്‍ അനീഷ്(33) നെയാണ് പിറ്റ് (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്ക്) എന്‍.ഡി.പി.എസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിനായി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്.
71.19 ഗ്രാം മാരക ലഹരി മരുന്നായ എം.ഡി.എം.എ ചില്ലറ വില്‍പ്പനയ്ക്കായി ബാംഗ്ലുരില്‍ നിന്നും കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം അനീഷിനെയും സുഹൃത്തായ വൈശാഖിനേയും കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിക്ക് സമീപത്ത് വച്ച് കരുനാഗപ്പള്ളി സബ്ബ് ഇന്‍സ്പെക്ടര്‍ അലോഷ്യസ് അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും ഇവരെ കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യുകയും ചെയ്യ്തിരുന്നു. ഈ കേസിന്‍റെ വിചാരണ നടന്ന് വരവെയാണ് പോലീസ് പ്രതികള്‍ക്കെതിരെ നിരോധിത മയക്ക്മരുന്ന് കടത്തല്‍ തടയല്‍چ വകുപ്പ് പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചത്.
ലഹരി മരുന്നു കച്ചവട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി കൊല്ലം ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് മുഖേന കൊല്ലം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ സക്കറിയ മാത്യു, കരുനാഗപ്പള്ളി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ പ്രദീപ് കുമാര്‍ വി.എസ് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളെ കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ബിജു വി യുടെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷമീര്‍, ഷാജിമോന്‍, ബിജു, എസ്.സി.പി.ഓ രാജീവ്, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്യ്ത് കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുകയായിരുന്നു.
കൂട്ട് പ്രതിയായ വൈശാഖിനെ നേരത്തെ തന്നെ കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചിരുന്നു. മയക്ക് മരുന്ന് വ്യാപാരത്തിലൂടെ അനധികൃതമായി സമ്പാദിക്കുന്ന എല്ലാ സ്വത്ത് വകകളും കണ്ട്കെട്ടുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനും മറ്റും അധികാരം നല്‍കുന്ന ശക്തമായ നിയമമാണ് പിറ്റ് എന്‍.ഡി.പി.എസ്. കേരളത്തില്‍ കൊല്ലം സിറ്റി പോലീസ് ജില്ലയാണ് ആദ്യമായി ഈ നിയമം പ്രയോജനപ്പെടുത്തിയത്. തുടര്‍ന്നും ജില്ലയിലെ ലഹരി വിതരണ സംഘങ്ങള്‍ക്കെതിരെ പിറ്റ് എന്‍.ഡി.പി.എസ് നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.