വീട്ടിൽ നിന്നും കാണാതായ ഇതര സംസ്ഥാന പെൺകുട്ടിയെ കണ്ടെത്തി

Advertisement

അഞ്ചൽ: മാതാവുമായി വഴക്കിട്ട് വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ച മണിപ്പൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മണിക്കൂറുകൾക്ക് ശേഷം കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചൽ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചലിൽ സ്ഥിരതാമസമാക്കിയ മണിപ്പൂർ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടിൽ നിന്നും കാണാതായത്.

രാവിലെ ജോലിക്ക് പോയ മാതാവ് തിരികെ വീട്ടിലെത്തി പെൺകുട്ടിയെ അന്വേഷിച്ചു വെങ്കിലും കണ്ടത്തുവാൻ കഴിഞ്ഞില്ല. ഉടൻതന്നെ അഞ്ചൽ പൊലീസിൽ വിവരമറിയിക്കുകയുണ്ടായി.ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ വിവരം പ്രചരിച്ചിരുന്നു.ഇതോടെ കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയുണ്ടായി.ഇതേത്തുടർന്ന് അഞ്ചൽ പൊലീസെത്തി പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത ശേഷം കോടതിയിൽ ഹാജരാക്കുകയും കോടതി പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തു..