ഭാര്യയെ കായലില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Advertisement

കൊല്ലം: ഭാര്യയെ ശാസ്താംകോട്ട കായലില്‍ തള്ളിയിട്ട് കൊന്ന കേസില്‍ എട്ട് വര്‍ഷത്തിന് ശേഷം അറസ്റ്റിലായ ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിന്റെ ജാമ്യാപേക്ഷ കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് തള്ളി. പ്രതിയുടെ ഭാര്യയായിരുന്ന പുനലൂര്‍ വളക്കോട് സ്വദേശി ഷജീറയാണ് കൊല്ലപ്പെട്ട കേസിലാണ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്. കൊലപാതകം നടന്ന 2015 ജൂണ്‍ 17ന് കരിമീന്‍ വാങ്ങാമെന്ന പേരിലാണ് മണ്‍റോത്തുരുത്തിന് സമീപത്തെ പെരിങ്ങാലത്തേക്ക് ഷജീറയുമായി ഷിഹാബ് എത്തിയത്. കരിമീന്‍ കിട്ടാതെ ഇവിടെ നിന്ന് മടങ്ങി. ആറരയോടെ ജങ്കാറില്‍ കല്ലുമൂട്ടില്‍ കടവില്‍ തിരികെ എത്തി. തലവേദനയാണെന്നും പറഞ്ഞ് ഷിഹാബ് ഇരുട്ടുംവരെ ഇവിടെ തുടര്‍ന്നു. തുടര്‍ന്ന് വെളിച്ച സൗകര്യമില്ലാത്ത കടവില്‍ നിന്ന് ഷെജീറയുമായി ബോട്ട് ജെട്ടിയിലേക്ക് നടത്തിച്ചു. പിന്നീട് ആരും കാണാതെ ഷജീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടു. ആള്‍ക്കാര്‍ കൂടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍തെറ്റി വീണതെന്ന നിലയില്‍ ഷിഹാബ് അഭിനയിച്ചു.
ഷിഹാബിന്റെ രണ്ടാം ഭാര്യയായിരുന്നു ഷജീറ. വിവാഹം കഴിഞ്ഞ് ഏഴാം മാസം ഷജീറ കൊല്ലപ്പെട്ടു. വെളുത്ത കാറും കറുത്ത പെണ്ണുമാണ് തനിക്ക് കിട്ടിയതെന്ന് പറഞ്ഞ് ഷിഹാബ് നിരന്തരം ഷജീറയെ മാനസികമായി പീഡിപ്പിച്ചിരുന്നു. ഫോണ്‍ ചെയ്യാന്‍ പോലും ഷജീറയെ അനുവദിച്ചിരുന്നില്ല എന്നുമാണ് കേസ്. കുറ്റ കൃത്യത്തിന് ദൃക് സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.
വളരെ ഗൗരവമുള്ള കേസാണിതെന്നും ഈ അവസരത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍.ജി. മുണ്ടയ്ക്കല്‍ ഹാജരായി.
ഷജീറയുടെ പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് ക്രൈം ബ്രാഞ്ച് സിഐ ഷിബു പാപ്പച്ചന്‍, എസ്‌ഐമാരായ ആന്‍ഡ്രിക് ഗ്രോമിക്, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.