കോഴികള്‍ പുരയിടത്തില്‍ കയറിയതിനെച്ചൊല്ലി വീട്ടമ്മമാര്‍ തമ്മില്‍ സംഘട്ടനം; ഒരാളുടെ കൈയൊടിഞ്ഞു

Advertisement

അഞ്ചല്‍: വളര്‍ത്തുകോഴികള്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍ത്തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്. പരിക്കേറ്റ നളിനിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നളിനിയുടെ പരാതിയില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു.
അയല്‍വാസി സാറാമ്മയാണ് കൈ അടിച്ചൊടിച്ചതെന്ന് നളിനി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നളിനി വീട്ടില്‍ വളര്‍ത്തുന്ന കോഴികള്‍ അയല്‍വാസിയായ സാറാമ്മയുടെ പുരയിടത്തില്‍ കയറി കൃഷികളും മറ്റും നശിപ്പിക്കുന്നത് പതിവായിരുന്നുവത്രേ.
ഇതേച്ചൊല്ലി ഇരുവീട്ടുകാര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ട്. ബുധനാഴ്ച്ച രാവിലെ പത്തോടെ നളിനിയുടെ കോഴികള്‍ സാറാമ്മയുടെ പുരയിടത്തില്‍ വീണ്ടും കയറിയതിനെ ചൊല്ലി ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും നളിനിയുടെ ഇടതുകൈ സാറാമ്മ വടികൊണ്ട് അടിച്ചൊടിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisement