കൊല്ലം: വിവാഹ മോചിതയായ സ്ത്രീ കോടതി ഉത്തരവ് പ്രകാരം മകളെ മുന്‍ ഭര്‍ത്താവിനൊപ്പം താല്‍ക്കാലികമായി വിട്ടു കൊടുക്കാത്തതിന്റെ പേരില്‍ കുണ്ടറ മുന്‍ എസ്എച്ച്ഒ വീട്ടിലെത്തി നടത്തിയ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
കൊല്ലം ജില്ലാ റൂറല്‍ പോലീസ് മേധാവി അന്വേഷണം നടത്തി അനന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
2020 ഓഗസ്റ്റ് എട്ടിന് കുണ്ടറ എസ്എച്ച്ഒ, മുന്‍ ഭര്‍ത്താവിനൊപ്പം വീട്ടിലെത്തി അക്രമം നടത്തിയെന്ന് ആരോപിച്ച് കുണ്ടറ ലീനാ സദനത്തില്‍ ലീന സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കോടതി ഉത്തരവ് പ്രകാരമാണ് കുണ്ടറ എസ്എച്ച്ഒ പരാതിക്കാരിയുടെ വീട്ടിലെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി വിധി പ്രകാരം മുന്‍ഭര്‍ത്താവിനൊപ്പം മകളെ വിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പരാതിക്കാരി തട്ടിക്കയറിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് പരാതിക്കാരിയുടെ പിതാവിനെതിരെ കേസെടുത്തു.
എന്നാല്‍ കോവിഡ് ലോക്ഡൗണ്‍ നിലനിന്നതു കൊണ്ടാണ് മകളെ മുന്‍ ഭര്‍ത്താവിനൊപ്പം അയക്കാത്തതെന്ന് പരാതിക്കാരി അറിയിച്ചു. എഴുപത്തിയഞ്ചു വയസ്സുള്ള തന്റെ പിതാവിനെ യൂണിഫോമിട്ട പോലീസുകാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ശാരീരികമായും മാനസികവുമായി ഉപദ്രവിച്ചു. ലോക്ഡൗണ്‍ കാരണം മകളെ അയക്കാനാവില്ലെന്ന് കുണ്ടറ എസ്എച്ച്ഒക്ക് താന്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. തന്റെ മുന്‍ ഭര്‍ത്താവ് പോലീസുകാരുടെ സാനിദ്ധ്യത്തില്‍ തന്നെ മര്‍ദ്ദിച്ചിട്ടും പോലീസുകാര്‍ മൗനം പാലിച്ചതായി പരാതിയില്‍ പറയുന്നു. ഇത് പോലീസിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ചയായി കമ്മീഷന്‍ നിരീക്ഷിച്ചു. പരാതിക്കാരിയുടെ വീട്ടില്‍ പോലീസ് നടത്തിയ അതിക്രമത്തെക്കുറിച്ച് നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.