ഉച്ചഭക്ഷണ പദ്ധതിക്ക്‌ കേന്ദ്രം അർഹമായ തുക നൽകുന്നില്ല: മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

കൊല്ലം .സ്‌കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്ക്‌ കേന്ദ്രം അർഹമായ തുക നൽകുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം നൽകുന്നുണ്ടെന്നും കേരളം അന്നം മുടക്കില്ലെന്നും അദ്ദേഹം കൊല്ലത്ത്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു. നെല്ല്‌ സംഭരണം, യുജിസി ഗ്രാന്റ്‌ എന്നിവയിലും സമാനസ്ഥിതിയാണുള്ളത്‌.

സാങ്കേതികത്വം പറഞ്ഞാണ്‌ കേന്ദ്രം പണം മുടക്കുന്നത്‌. പല മേഖലകളിലും കേന്ദ്രം പണം നൽകാതെ കേരളത്തെ ശ്വാസം മുട്ടിക്കുകയാണ്‌. ഏറ്റവും കൂടുതൽ കേന്ദ്രം പണം കിട്ടാനുള്ള ഒരു സംസ്ഥാനമാണ്‌ കേരളം. എന്നാൽ സംസ്ഥാനം ഒരു പദ്ധതിക്കും പണം വെട്ടിക്കുറച്ചിട്ടില്ല. യുഡിഎഫ് എംപിമാർക്ക് ആർക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണം. ഡൽഹിയിൽ ചെല്ലുമ്പോൾ അവർ കേരളത്തെ മറക്കുന്നു. യുഡിഎഫ്‌ എംപിമാർ കേരളത്തിനുവേണ്ടി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും പാർലമെന്റിൽ വിഷയം ഉന്നയിക്കാനും തയാറാവണം.

കേന്ദ്രം അർഹമായ വിഹിതം നൽകുന്നില്ലെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും വെളിപ്പെടുത്തി. എന്നിട്ടും കേരളത്തിലെ യുഡിഎഫ്‌ എംപിമാർക്ക്‌ മാത്രം മിണ്ടാട്ടമില്ല. മാധ്യമങ്ങളുടെ സഹായവും ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും കെ എൻ ബാലഗോപാൽ വ്യക്‌തമാക്കി.

Advertisement