പുത്തൂരിൽ നവജാത ശിശുവിനെ കൊന്നു കുഴിച്ചു മൂടിയ കേസില്‍ വിചാരണ തുടങ്ങുന്നു

Advertisement

പുത്തൂര്‍: കാരിക്കലില്‍ കൊല്ലരഴികത്ത് വീട്ടില്‍ അമ്പിളി എന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ വച്ച് പ്രസവിച്ച പൂര്‍ണ വളര്‍ച്ചയെത്തിയ നവജാത ശിശുവിന്റെ നെഞ്ചില്‍ കൈകൊണ്ട് അമര്‍ത്തി പിടിച്ച് കൊലപ്പെടുത്തിയ ശേഷം ശവ ശരീരം മുണ്ടില്‍ പൊതിഞ്ഞ് വീട്ടുപുരയിടത്തില്‍ കുഴിച്ചിട്ട് മണ്ണ് മൂടുകയും അതിന് പുറത്ത് കയറിനിന്ന് ചവിട്ടി ഉറപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവായ അമ്പിളിയെയും ഭര്‍ത്താവായ മഹേഷിനെയും പ്രതികളാക്കി പുത്തൂര്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസില്‍ കൊല്ലം ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദ് മുമ്പാകെ നാളെ മുതല്‍ വിചാരണ തുടങ്ങും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിസിന്‍.ജി. മുണ്ടയ്ക്കല്‍ ഹാജരാകും.
കൊല്ലം പവിത്രേശ്വരം ഗുരുനാഥ ക്ഷേത്രത്തിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് പട്ടികള്‍ കടിച്ച നിലയില്‍ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കൈകാലുകള്‍ മുറിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകിയ നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുടെയും ആശാവര്‍ക്കര്‍മാരുടെയും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശിശുവിന്റെ മാതാവായ അമ്പിളിയും ഭര്‍ത്താവായ മഹേഷും അറസ്റ്റിലാകുന്നത്. ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം മറച്ച് വയ്ക്കുകയും ഗര്‍ഭഛിദ്രത്തിന് പല തവണ ശ്രമിക്കുകയും ചെയ്തതാണ് ഭര്‍ത്താവായ മഹേഷിനെതിരെയുള്ള കുറ്റം.
പുത്തൂരിലെയും മറ്റും സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി ഗര്‍ഭിണിയാണെന്നറിഞ്ഞ അമ്പിളി ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍മാര്‍ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് ഗുളിക കഴിക്കുകയും ചെയ്തിരുന്നു. ബന്ധുവീട്ടില്‍ വെച്ച് പ്രസവിച്ച കുഞ്ഞിനെ പൊക്കിള്‍കൊടി മുറിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് കുഴിച്ച് മൂടിയത്. ശ്വാസകോശത്തിന് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും നിര്‍ണായകമായ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 49 സാക്ഷികളെയും ഡിഎന്‍എ റിപ്പോര്‍ട്ട് അടക്കമുള്ള 36-ഓളം രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയില്‍ ഹാജരാക്കി. പോലീസ് സ്‌റ്റേഷന്‍ എസ്‌ഐ ഡി. ദീപു, ഇന്‍സ്‌പെക്ടര്‍മാരായ എ. സുനില്‍ കുമാര്‍, ആര്‍. രതീഷ് കുമാര്‍, ടി. വിജയകുമാര്‍ എന്നിവരായിരുന്നു കേസിന്റെ അന്വേഷണ ചുമതല വഹിച്ചിരുന്നത്.