കല്ലടയാറിന്റെ തീരത്ത് കുന്നത്തൂർ പുത്തനമ്പലം ചേലൂർ കടവിൽ മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയുംശല്യം അതിരൂക്ഷം

Advertisement

ശാസ്താംകോട്ട: കുന്നത്തൂർ പഞ്ചായത്തിൽ കല്ലടയാറിന്റെ തീരത്ത് പുത്തനമ്പലം ചേലൂർ കടവ് കേന്ദ്രീകരിച്ച് മദ്യപാനികളും സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടുന്നതായി പരാതി.കല്ലടയാറ്റിൽ നിന്നും മീൻ പിടുത്തത്തിന്റെ മറവിൽ എത്തുന്നവരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.മറ്റ് പ്രദേശങ്ങളിൽ നിന്നു പോലും നിരവധിയാളുകൾ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള മീൻപിടുത്തത്തിനായി ഇവിടേക്ക് എത്താറുണ്ട്.

രാപകൽ വ്യത്യാസമില്ലാതെ എത്തുന്നവർ മദ്യവും മറ്റ് ലഹരി വസ്തുക്കളും ഇവിടേക്ക് എത്തിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. കടവിലേക്കുള്ള വഴികളിലും പുരയിടങ്ങളിലുമിരുന്ന് പരസ്യമായി മദ്യപിക്കുന്നതും മദ്യക്കുപ്പികളും ആഹാര അവശിഷ്ടങ്ങളും പരിസരത്തേക്ക് വലിച്ചെറിയുന്നതും പതിവാണ്.

പ്രദേശത്താകെ ഇത്തരത്തിൽ മദ്യക്കുപ്പികൾ ചിതറി കിടക്കുകയാണ്.ചിലർ കല്ലടയാറ്റിലേക്കാണ് ഇവ വലിച്ചെറിയുന്നത്.മദ്യപാനത്തിനു ശേഷം തർക്കങ്ങൾ ഉണ്ടാകുന്നതും പതിവാണ്.കന്നുകാലികളെ കെട്ടുന്നതിനും കൃഷി കാര്യങ്ങൾക്കും മറ്റുമായി സ്ത്രീകളും കുട്ടികളും എത്തിയാൽ പോലും ഇക്കൂട്ടർ പിന്മാറാറില്ല.മദ്യപാനത്തിനൊപ്പം ഇവിടം കേന്ദ്രീകരിച്ച് രാസലഹരിയുടെ ഉപയോഗവും വില്പനയും അടുത്ത കാലത്തായി വർദ്ധിച്ചതായി പറയപ്പെടുന്നു.കടവിലേക്ക് പ്രധാന പാതയിൽ നിന്നും അകത്തോട്ടുള്ള വഴിയായതിനാൽ ആരുടെയും ശ്രദ്ധയിൽപ്പെടുകയുമില്ല.
നിരോധനത്തിന് മുമ്പ് കുന്നത്തൂർ പഞ്ചായത്തിലെ പ്രധാന മണൽ കടവുകളിൽ ഒന്നായിരുന്നു ചേലൂർ.മണൽ വാരൽ നിലച്ചതോടെയാണ് ഇവിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയത്.അതിനിടെ നിരവധി തവണ ശാസ്താംകോട്ട പോലീസിൽ നാട്ടുകാർ വിവരമറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്.പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്