കൊല്ലം: കണ്ണനല്ലൂരില്‍ വീണ്ടും പോലീസിന്റെ മയക്ക് മരുന്ന് വേട്ട. 19 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയിലായി. കുഴിമതിക്കാട്, കൊച്ചുതുണ്ടില്‍ വടക്കതില്‍, ഗോകുല്‍ (26), നല്ലില, കാനാവില്‍ വീട്ടില്‍ അജിസണ്‍ (22), വെള്ളിമണ്‍, മാവിള തെക്കതില്‍ സിനുമോന്‍ (34), വെള്ളിമണ്‍, പോള്‍ മന്ദിരം വീട്ടില്‍ പ്രതുഷ് (29) എന്നിവരാണ് കഴിഞ്ഞ ദിവസം ജില്ലാ ഡാന്‍സാഫ് ടീമും കണ്ണനല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്.
കണ്ണനല്ലൂരിലും പരിസര പ്രദേശങ്ങളിലും യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പനക്കും വിതരണത്തിനുമായി എത്തിച്ച മാരക ലഹരിമരുന്നായ എംഡിഎംഎ ആണ് പിടികൂടിയത്. കണ്ണനല്ലൂര്‍ കേന്ദ്രീകരിച്ച് ലഹരി വിതരണത്തെക്കുറിച്ച് ജില്ലാ പോലീസ് മോധാവി മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ണനല്ലൂരില്‍ നിന്നും എംഡിഎംഎയും വലിയ ആളവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടികൂടിയിരുന്നു. ഇതിന്റെതുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ മയക്ക് മരുന്ന് വ്യാപാരം നടത്തി വന്ന സംഘം പിടിയിലായത്. ഇവരില്‍ നിന്നും 19 ഗ്രാം എംഡിഎംഎയും 4 ഗ്രാം കഞ്ചാവും പിടികൂടുകയും ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍, എസ്‌ഐ പ്രതീപ്കുമാര്‍, സിപിഒമാരായ ഹുസൈന്‍, ദിനേഷ്, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.