കൊട്ടാരക്കര: സബ് ജയിലില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ക്രൂരമര്‍ദനമെന്ന് പരാതി. മര്‍ദനമേറ്റതായുള്ള പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, ജയിലിലെ സിസിറ്റിവി ദൃശ്യങ്ങള്‍ അടക്കം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസിനോട് ആവശ്യപ്പെട്ടു.
പുനലൂര്‍ തെന്മല സ്വദേശി വിഷ്ണു ഭവനത്തില്‍ വിഷ്ണു ദശപുത്രനാണ് ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് കൊടിയ മര്‍ദനവും പീഡനവും ഏല്‍ക്കേണ്ടി വന്നതായി ജഡ്ജി മുന്‍പാകെ മൊഴി നല്‍കിയത്. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ട ജുഡീഷ്യല്‍ കസ്റ്റഡി കോടതി നിരസിച്ചു.
ജയിലില്‍ നടന്ന സംഭവത്തില്‍ കേസ് ചാര്‍ജ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ എത്തിച്ചപ്പോഴാണ് പ്രതി തനിക്കു കൊട്ടാരക്കര സബ് ജയിലില്‍ നേരിടേണ്ടി വന്ന മര്‍ദനവും പീഡനവും തുറന്നു പറഞ്ഞത്. ഓണക്കാലത്ത് പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോലീസ് ജീപ്പിന് കല്ലെറിഞ്ഞെന്ന കേസിലാണ് വിഷ്ണുവിനെ പുനലൂര്‍ പോലീസ് കേസ് ചാര്‍ജ് ചെയ്ത് പിടികൂടുന്നത്.
തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലില്‍ പാര്‍പ്പിച്ചു വരുകയായിരുന്നു. സപ്തംബര്‍ അഞ്ചിന് നഖം വെട്ടുന്നതില്‍ താമസം വന്നതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥനായ നിമിഷ് ലാലും വിഷ്ണുവുമായി വാക്ക് തര്‍ക്കം ഉണ്ടാകുകയും ബലപ്രയോഗം നടക്കുകയും ചെയ്തതോടെ മറ്റൊരു കേസില്‍ കൂടി വിഷ്ണുവിന് നേരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതേദിവസം ജയിലിനുള്ളില്‍ പേര് അറിയാവുന്ന അഞ്ച് ജയില്‍ ഉദ്യോഗസ്ഥരും കണ്ടാലറിയുന്ന 10 ഉദ്യോഗസ്ഥരും ചേര്‍ന്നു പല തവണയായി ക്രൂരമായി മര്‍ദിച്ചെന്നാണ് പ്രതിയുടെ മൊഴി. മര്‍ദനശേഷം അവശനായ വിഷ്ണുവിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ ആശുപത്രിയിലും പിന്നീട് ജയിലിലും പാര്‍പ്പിച്ചു വരുമ്പോഴാണ് പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കിയത്.
ഒടിഞ്ഞ വലതു കൈ വീണ്ടും ജയില്‍ കമ്പികള്‍ക്കിടയിലൂടെ പിടിച്ചു വളച്ചെന്നും നട്ടെല്ലിന് ക്ഷതമേറ്റെന്നും പ്രതി ആരോപിക്കുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പ്രതിയെ മര്‍ദിച്ച നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.