വലിയപാടം ഗ്രാമം കണ്ണീരണിഞ്ഞു;സന്തോഷ് ഗംഗാധരന് യാത്രാമൊഴിയേകി ജന്മനാട്

Advertisement

ശാസ്താംകോട്ട : നാടിന്റെ ജീവൽ പ്രശ്നങ്ങളിൽ നാട്ടുകാർക്കൊപ്പം നിന്ന് പട പൊരുതിയ പൊതു പ്രവർത്തകൻ പടിഞ്ഞാറെ കല്ലട വലിയപാടം ഗംഗാ സദനത്തിൽ സന്തോഷ് ഗംഗാധരന് (46)ജന്മനാടിന്റെ അന്ത്യാജ്ഞലി.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ്
വലിയപാടത്തെ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാ തലങ്ങളിലുംപ്പെട്ട
നൂറുകണക്കിനാളകൾ അന്തിമോപചാരം അർപ്പിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി,സി.ആർ മഹേഷ് എംഎൽഎ ഉൾപ്പെടെ നിരവധി ജനപ്രതിനിധികളും അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയിരുന്നു. ഭാര്യ ശാലിനിയെയും മക്കളായ ആഷ്ലിൻ,അനശ്വർ,
അനില എന്നിവരെയും ആശ്വസിപ്പിക്കാൻ ബന്ധുക്കളും പരിസരവാസികളും ഏറെ പണിപ്പെട്ടു.തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്ക്കരിച്ചു.

ഒരാഴ്ച മുമ്പ് കൊല്ലം പരവൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ താഴെ വീണ് പരിക്കേറ്റാണ് മരണം സംഭവിച്ചത്.പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കുന്ന ജോലിക്കിടെയായിരുന്നു അപകടം.ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യെമനിൽ നഴ്സായി ജോലി നോക്കുന്ന സന്തോഷ് ഗംഗാധരന്റെ ഭാര്യ ശാലിനി നാട്ടിലെത്താൻ വൈകിയതാണ് സംസ്ക്കാരം ഒരാഴ്ചയോളം നീണ്ടത്.ഇതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇന്നലെയാണ് ശാലിനി യെമനിൽ നിന്നും നാട്ടിലെത്തിയത്.

Advertisement