കൊല്ലം. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ വിലവരുന്ന ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ പോലീസ് പിടിയിലായി. കിളികൊല്ലൂര്‍ പനയ്ക്കല്‍ വീട്ടില്‍ അനന്തു(23), കടപ്പാക്കട, ജനയുഗം നഗറില്‍ വയലില്‍ പുത്തന്‍വീട്ടില്‍ ഹരീഷ്(21), ഉളിയക്കോവില്‍ കുറുവേലി കോളനിയില്‍ രതീഷ്(23) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
പോളയത്തോടില്‍ നിര്‍മ്മാണത്തിലിരുന്ന അന്‍സറിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ മാസത്തില്‍ പല തവണകളായി ഒരു ലക്ഷത്തോളം വില വരുന്ന ഇരുമ്പ് നിര്‍മ്മാണ സാമഗ്രഹികള്‍ മോഷണം നടത്തിയത്. പ്രതികള്‍ക്കെതിരെ മുന്‍പും മോഷണകേസുകള്‍ നിലവിലുണ്ട്. ഈസ്റ്റ് പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ഡിപിന്, എ.എസ്.ഐ സതീഷ്കുമാര്‍, സിപിഒ മാരായ അനീഷ്, രാജന്, ലിനേഷ്, ബുഷറ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.