പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാക്കള്‍ പോലീസ് പിടിയിലായി. മങ്ങാട് തട്ടേക്കാട് വീട്ടില്‍ ജോഷി(29), മങ്ങാട് വലിയവിള വീട്ടില്‍ കണ്ണന്‍ (27) എന്നിവരാണ് അഞ്ചാലൂംമൂട് പോലീസിന്റെ പിടിയിലായത്. കൊല്ലം-അഞ്ചാലൂംമൂട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരനായ കണ്ണന്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സമൂഹമാധ്യമം വഴി പ്രണയബന്ധം സ്ഥാപിക്കുകയുമായിരുന്നു. പിന്നീട് 2023 ജൂലൈ മാസം 5-ാം തീയതി പ്രതിയായ കണ്ണന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഇയാളുടെ സുഹൃത്തായ ജോഷിക്കൊപ്പം ചേര്‍ന്ന് കാറില്‍ കടത്തിക്കൊണ്ട് പോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി കാറില്‍ വച്ച് പീഡനത്തിനിരയാക്കിയ കണ്ണന്‍ സുഹൃത്തായ ജോഷിക്കും പീഡനത്തിന് അവസരം ഒരുക്കി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ അഞ്ചാലൂംമൂട് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലൂംമൂട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ധര്‍മ്മജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഗിരീഷ്, പ്രദീപ് എ.എസ്.ഐ രാജേഷ് സിപിഒ മാരായ രാജി, മഹേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.

Advertisement