സി ബി എല്‍ കല്ലട ജലോത്സവം നവംബര്‍ 25ന്

Advertisement

ചാമ്പ്യന്‍സ് ബോട്ട്‌സ് ലീഗ് കല്ലട കലോത്സവം നവംബര്‍ 25ന് നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തില്‍ ആലോചനായോഗം ചേര്‍ന്നു. സി ബി എല്ലിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരവും നടത്തും. ജലോത്സവത്തിന്റെ ഭാഗമായി ഏഴ് ദിവസത്തെ കല്ലടഫെസ്റ്റ് നടത്തും. വാണിജ്യ, വിനോദ, കാര്‍ഷിക പ്രദര്‍ശന മേളകള്‍, വിവിധ കലാകായിക ഇനങ്ങള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടുത്തിയാകും ഫെസ്റ്റ്.
തിരുവാതിര, വടംവലി, വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, ലളിതഗാനം, പദ്യപാരായണം, ഓലമെടയല്‍, കയര്‍പിരി തുടങ്ങിയ മത്സരങ്ങളും ഉണ്ടാകും. ചിറ്റുമല, കുന്നത്തൂര്‍ ബ്ലോക്കുകളിലെ 10 പഞ്ചായത്തുകള്‍ പങ്കെടുക്കും. നവംബര്‍ 24ന് ഘോഷയാത്ര സംഘടിപ്പിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചുറാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, ജില്ല കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ എന്നിവര്‍ രക്ഷാധികാരികളായി സംഘാടകസമിതിയും രൂപീകരിച്ചു.
കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ (ചെയര്‍മാന്‍), ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി (വൈസ് ചെയര്‍മാന്‍), സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, (ജനറല്‍ കണ്‍വീനര്‍), ബിനു കരുണാകരന്‍ (പ്രാദേശിക കണ്‍വീനര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
യോഗത്തില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, മണ്‍റോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മ, കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement