പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിട്ടും കൊല്ലത്ത് നിന്നും ഒരു കെഎസ്ആര്‍ടിസി ബസ് പോലുമില്ലാതെ മണ്‍ട്രോതുരുത്ത്

Advertisement

കൊല്ലം: കേരളത്തിലെ അറിയപ്പെടുന്ന പ്രധാന ടൂറിസം കേന്ദ്രമായ മണ്‍ട്രോതുരുത്തിലേക്ക് കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഒരു ബസ് പോലും ഓപ്പറേറ്റ് ചെയ്യുന്നില്ല. അരനൂറ്റാണ്ടിലേറെയായി സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന സ്റ്റേ ബസ് പോലും ഇപ്പോഴില്ല. തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ  ദ്വീപിലേക്ക് ഉണ്ടായിരുന്ന ആറോളം ബസ് സര്‍വ്വീസുകളും സമീപ സ്ഥലമായ ശിങ്കാരപ്പള്ളിയിലേക്കുള്ള സര്‍വ്വീസുകളും നിര്‍ത്തലാക്കപ്പെട്ടു.
കൊവിഡിനു ശേഷം ഇവയൊന്നും പുനഃസ്ഥാപിക്കപ്പെട്ടില്ല. നിലവില്‍ കൊട്ടാരക്കര ഡിപ്പോയില്‍ നിന്നുള്ള ഒരു കെഎസ്ആര്‍ടിസി ബസ് മാത്രമാണുള്ളത്. ഇതാകട്ടെ രാവിലെയും വൈകിട്ടും മാത്രം. ഇത് പട്ടം തുരുത്തിലേക്കാണ്, റെയില്‍വേ സ്റ്റേഷനിലേക്കില്ല.
എട്ട് സ്വകാര്യ ബസുകള്‍ മാത്രമാണ് ഇതുവഴി സര്‍വ്വീസുള്ളത്. തുരുത്ത് കാണാനും ആസ്വദിക്കാനും എത്തുന്നവര്‍ ചിറ്റുമലയില്‍ നിന്നും സ്വകാര്യ ബസിലോ കൂടുതല്‍ കൂലി നല്‍കി ഓട്ടോറിക്ഷയിലോ ആണ് എത്തുന്നത്. എന്നാല്‍ വരുമാന വര്‍ദ്ധനവിനായി കെഎസ്ആര്‍ടിസി ഇതര ജില്ലയിലെ ഡിപ്പോകളില്‍ നിന്നും അവധി ദിവസങ്ങളില്‍ ഉല്ലാസയാത്ര പാക്കേജ് നടത്തുന്നുമുണ്ട്.
സര്‍ക്കാര്‍ തന്നെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുമ്പോള്‍ ഉള്ള സര്‍വ്വീസുകള്‍ പോലും നിര്‍ത്തലാക്കിയ കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയുടെ നടപടിക്കെതിരെ ജന പ്രതിനിധികള്‍ക്കും അനക്കമില്ല.

Advertisement